ഗുരുവായൂരില്‍ ഗണേശോത്സവം 27ന്; ഘോഷയാത്രയ്ക്ക് 300 വിഗ്രഹങ്ങൾ
1585023
Wednesday, August 20, 2025 1:14 AM IST
ഗുരുവായൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഗണേശോത്സവത്തിന് ഒരുക്കങ്ങളായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രധാന ഗണേശ വിഗ്രഹത്തിന് 23ന് വൈകീട്ട് നാലിന് മഞ്ജുളാല്‍ പരിസരത്ത് സ്വീകരണം നല്‍കും. നാമജപ ഘോഷയാത്രയോടെ ഗുരുവായൂര്‍ ക്ഷേത്രനടയിലേയ്ക്ക് ആനയിക്കും. മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തിനു സമീപം പ്രതിഷ്ഠിച്ചശേഷം ഗണേശോത്സവം വരെ ഗണപതി ഹോമം, ദീപാരാധന എന്നിവയുണ്ടാകും.
24 ന് വൈകിട്ട് ആറിന് നഗരസഭാ ലൈബ്രറി ഹാളില്‍ സാംസ്കാരിക സന്ധ്യ അയ്യപ്പ സേവാസമാജം ദേശീയ ഉപാധ്യക്ഷന്‍ വി.കെ.വിശ്വനാഥന് ഉദ്ഘാടനം ചെയ്യും. ഗണേശോത്സവ പ്രഥമ പുരസ്കാരം രജിത് കുമാറിന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് സമ്മാനിക്കും.
ഗണേശോത്സവ ദിനത്തിൽ കിഴക്കേനടയില്‍ നിന്ന് വാദ്യഘോഷങ്ങളോടെ ഗണപതി വിഗ്രഹങ്ങളുമായി വിനായക തീരത്തേയ്ക്ക് നിമജന ഘോഷയാത്രയാണ്. 300 ലേറെ ഗണപതി വിഗ്രങ്ങളുണ്ടാകും.
ജനറല്‍ കണ്‍വീനര്‍ കെ.എസ്.പവിത്രന്, ടി.പി.മുരളി, പി.വത്സലന്‍, ടി.വി.ശ്രീനിവാസന്, എം.വി.രവീന്ദ്രനാഥ് തുടങ്ങിയവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.