വീണ്ടും ദർഘാസ് ക്ഷണിച്ച് റെയിൽവേ, അടങ്കൽതുക 140 കോടി കുറഞ്ഞു
1585639
Friday, August 22, 2025 1:39 AM IST
തൃശൂർ: ആധുനിക സൗകര്യങ്ങളോടെ വിമാനത്താവള മാതൃകയിൽ നിർമിക്കുമെന്ന് അവകാശപ്പെട്ടിരുന്ന തൃശൂർ റെയിൽവേ സ്റ്റേഷന്റെ നവീകരണത്തിനുള്ള ദർഘാസ് വീണ്ടും ക്ഷണിച്ച് റെയിൽവേ. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിപ്രകാരം ഈ വർഷം ആദ്യത്തിൽ ക്ഷണിച്ച 393.57 കോടി രൂപ അടങ്കലുള്ള കരാർനടപടികൾ നിർമാണം പൂർത്തിയാകുംമുന്പേ റദ്ദാക്കിയതിനുശേഷമാണ് 253.76 കോടി രൂപയുടെ പുതിയ അടങ്കൽതുക ക്ഷണിച്ചിരിക്കുന്നത്.
30 മാസമാണ് നിർമാണകാലാവധി. കരാർരേഖകൾ സമർപ്പിക്കുവാനുള്ള അവസാനതീയതി സെപ്റ്റംബർ 19 ആണ്. 2026 ആദ്യം നിർമാണം ആരംഭിക്കാനാകുമെന്നാണ് കരുതുന്നതെന്നു റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
സ്റ്റേഷൻ വികസനപദ്ധതിക്കു റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ച് ഒന്പതുമാസം പിന്നിട്ടിട്ടും രൂപരേഖ അന്തിമമാക്കിയിട്ടും ടെൻഡർ നടപടികളാകാതിരുന്നതു പലവിധ പരാതികളും ഉയർത്തുന്നതിനിടെയാണ് പുതിയ ദർഘാസുമായി റെയിൽവേ രംഗത്തുവന്നിരിക്കുന്നത്.
വിമാനത്താവളങ്ങളിലേതുപോലെയുള്ള തുറസായ ഇടങ്ങൾ, കാൽനട മേൽപ്പാലങ്ങൾ, വിശാലമായ പാർക്കിംഗ് സൗകര്യം തുടങ്ങി അടിമുടി മാറ്റത്തോടെ ഒരുക്കാൻ ആലോചിച്ചിരുന്ന സ്റ്റേഷനിൽ 2024 ഒക്ടോബർ 30നാണ് സ്റ്റേഷൻ പുനർനിർമാണപദ്ധതിക്കു റെയിൽവേ ബോർഡിന്റെ അന്തിമാനുമതി ലഭിച്ചത്. ഇതിനുപിന്നാലെ പുതിയ സ്റ്റേഷന്റെ രൂപരേഖ കേന്ദ്രമന്ത്രി സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു.
നവംബർ മൂന്നിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തൃശൂർ സ്റ്റേഷൻ സന്ദർശിച്ച് പദ്ധതിയുടെ ഔദ്യോഗികപ്രഖ്യാപനം നടത്തി. സ്റ്റേഷൻ വികസനത്തിനു ടെൻഡർ ക്ഷണിച്ചുള്ള ആദ്യ വിജ്ഞാപനം 2025 ജനുവരി 25നു റെയിൽവേ പ്രസിദ്ധീകരിച്ചിരുന്നു. ഇതുപ്രകാരം മാർച്ച് ആറിനു ടെൻഡർ തുറക്കാനും തീരുമാനിച്ചിരുന്നു. ഇതാണ് പിന്നീട് റദ്ദാക്കിയത്.
മധ്യകേരളത്തിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നായ തൃശൂരിന്റെ വികസനപ്രഖ്യാപനം യാത്രക്കാർക്കും റെയിൽവേക്കും ഏറെ പ്രതീക്ഷ നൽകിയിരുന്നെങ്കിലും പുതിയ ദർഘാസും പ്രതീക്ഷകളുടെ പാളത്തിൽ കയറി മുന്നോട്ടുപോകുമോ ഇല്ലയോ എന്നറിയാൻ കാത്തിരിക്കുകയാണ് യാത്രക്കാർ.