അടിപ്പാത നിര്‍മാണം: പൊടിയില്‍ മുങ്ങി ആമ്പല്ലൂര്‍
1585527
Thursday, August 21, 2025 8:15 AM IST
ആമ്പല്ലൂര്‍: അടിപ്പാതനിര്മാണത്തെതുടര്ന്നുള്ള പൊടിപടലത്തില്‍ മുങ്ങി ശ്വാസംമുട്ടുകയാണ് ആമ്പല്ലൂര്‍. മഴ മാറിയതോടെ രൂക്ഷമായ പൊടിശല്യംമൂലം പൊറുതിമുട്ടുകയാണ് വ്യാപാരികളും വാഹന യാത്രക്കാരും. വ്യാപാരസ്ഥാപനങ്ങളിലെ സാധനങ്ങളിലും ഉപകരണങ്ങളിലും പൊടി നിറഞ്ഞിരിക്കുകയാണ്.
സ്ഥാപനങ്ങള്‍ക്കു മുന്പില് വാഹനങ്ങള്‍ അല്പസമയം നിര്‍ത്തിയിട്ടാല്‍പോലും പൊടി നിറഞ്ഞ് വാഹനങ്ങള്‍ കാണാനാവാത്ത സ്ഥിതിയാവുമെന്നു വ്യാപാരികള്‍ പറഞ്ഞു.
പൊടിശല്യംമൂലം ജീവനക്കാര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുമുണ്ടാവുന്നുണ്ട്. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനംതന്നെ അവസാനിപ്പിച്ചു. എന്നിട്ടും ഈ വിഷയത്തില്‍ ആരും ഇടപെടുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി.
പൊടിശല്യത്തെതുടര്ന്നു കഴിഞ്ഞദിവസം വ്യാപാരികള്‍ അടിപ്പാതനിര്‍മാണം തടഞ്ഞിരുന്നു. ടാങ്കറില്‍ വെള്ളമെത്തിച്ച് റോഡ് നനച്ചുനല്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അടിപ്പാതനിര്മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് ഒരുവര്‍ഷമായെങ്കിലും നിര്‍മാണത്തിലെ മെല്ലെപ്പോക്കാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. മഴ പെയ്താല്‍ ചെളിയും വെയില് ഉദിച്ചാല്‍ പൊടിശല്യവുമാണ് ഇപ്പോള്‍ ആമ്പല്ലൂരിലെ സ്ഥിതി.
പല സമയങ്ങളിലും ദേശീയപാതയില്‍ കാഴ്ചമറയ്ക്കുന്ന തരത്തിലാണ് പൊടി ഉയരുന്നത്. ഈ സമയങ്ങളില്‍ ഇരുചക്രവാഹന യാത്രികര്‍ക്കു സഞ്ചരിക്കാന്‍പോലും ബുദ്ധിമുട്ടാണ്. പരാതി ഉയരുമ്പോള്‍ അധികൃതര്‍ ഇടപെട്ട് ഓരോ തവണ കുഴി അടയ്ക്കാൻ മെറ്റലും പാറപ്പൊടിയും കലര്‍ന്ന മിശ്രിതമാണ് ഉപയോഗിക്കുന്നത്.
അറ്റകുറ്റപ്പണികള്‍ക്കു പിന്നാലെ മഴ പെയ്യുന്നതോടെ ഇത് ഇളകും. മഴയ്ക്കു പിറകെ വെയില് എത്തുന്നതോടെ ദേശീയപാതയും പരിസരപ്രദേശങ്ങളും വീണ്ടും പൊടിപടലങ്ങളാല്‍ മുങ്ങും.