പാലിയേക്കര ടോൾ സംസ്ഥാനസർക്കാരിന്റെ മൗനംദുരൂഹം: ഒ.ജെ. ജനീഷ്
1585521
Thursday, August 21, 2025 8:15 AM IST
തൃശൂർ: ദേശീയപാതയിലെ ടോൾപിരിവ് നിരോധിച്ച ഹൈക്കോടതി ഉത്തരവ് ശരിവച്ച സുപ്രീം കോടതി നടപടിയിൽ സംസ്ഥാന സർക്കാരിന്റെ മൗനം സംശയാസ്പദമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ജെ. ജനീഷ്.
രണ്ടുവട്ടം സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോഴും സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ ഹാജരായില്ല. കോടതിയിൽ സ്റ്റാൻഡിംഗ് കൗണ്‍സൽ ഹാജരാകാത്തതു നിർമാണ കന്പനിയെ സഹായിക്കാനാണെന്നും, കേരളത്തിലെ പൊതുമരാമത്തുവകുപ്പിനു ദേശീയപാതനിർമാണത്തിൽ പരാതികളില്ലെന്ന കന്പനിയുടെ വാദം സർക്കാർ അറിവോടെയാണോയെന്നു വ്യക്തമാക്കണമെന്നും ജനീഷ് ആവശ്യപ്പെട്ടു.
ദേശീയപാത വിഷയത്തിൽ നിരവധി സമരങ്ങൾ നടത്തിയ ബിജെപിക്കും ഇക്കാര്യത്തിൽ മൗനമാണ്. ആയിരക്കണക്കിനു ജനങ്ങളെ ബാധിക്കുന്ന പ്രശ്നത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നിലപാട് വ്യക്തമാക്കണം.
നിർമാണം പൂർത്തിയാക്കാനാണ് ഹൈക്കോടതി ഒരുമാസം ടോൾപിരിവ് നിർത്തിച്ചത്. വിധിവന്നു രണ്ടാഴ്ച കഴിഞ്ഞിട്ടും പുരോഗതിയില്ല. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കോടതി നിർദേശിച്ച നടപടികളും പാലിച്ചിട്ടില്ല.
മേൽപ്പാലങ്ങളുടെയും അടിപ്പാതകളുടെയും നിർമാണക്കരാർ ഏറ്റെടുത്ത പിഎസ്ടി എൻജിനീയറിംഗ് ആൻഡ് കണ്‍സ്ട്രക്ഷൻ കന്പനിക്കെതിരേ തമിഴ്നാട്ടിൽ നിരവധി പരാതികളുണ്ട്. 383 കോടിയുടെ കരാറാണ് നൽകിയതെങ്കിലും 510 കോടിയായി ഉയർത്തുമെന്നു പറയുന്നു. 21 ശതമാനംമാത്രമാണ് നിർമാണം പൂർത്തിയാക്കിയത്.
മന്ത്രിസഭയിലെ രണ്ടാമനായ കെ. രാജനും പുതുക്കാട് എംഎൽഎ കെ.കെ. രാമചന്ദ്രനും ജനകീയ ആവശ്യങ്ങളോടു മുഖംതിരിഞ്ഞു നിൽക്കുകയാണ്. ജനങ്ങളുടെ ദുരിതം വർധിപ്പിക്കുന്ന കന്പനിക്കൊപ്പം നിൽക്കുന്ന നേതാക്കൾ മാപ്പുപറയണമെന്നും ജനീഷ് ആവശ്യപ്പെട്ടു.