ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണയം തുടങ്ങി
1585631
Friday, August 22, 2025 1:39 AM IST
എടതിരിഞ്ഞി: വില്ലേജിലെ ഭൂമിയുടെ ന്യായവില സംബന്ധിച്ച നടപടികള്‍ വിലയിരുത്താന്‍ ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇരിങ്ങാലക്കുട ആര്‍ഡിഒ പി. ഷിബു, മുകുന്ദപുരം താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.വി. സജിത, വില്ലേജ് ഓഫീസര്‍ പി.എസ്. സുജിത്ത്, അസിസ്റ്റന്റ് കെ.ജെ. വിന്‍സന്‍ എന്നിവരാണ് സ്ഥലത്തെത്തിയത്. വില്ലേജിലെ ന്യായവില സംബന്ധിച്ച അപാകങ്ങള്‍ പരിഹരിച്ച് പുനര്‍നിര്‍ണയിക്കുന്നതിന് കഴിഞ്ഞ മാസം 18 ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു.
വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ ഇതിന്റെ ഔദ്യോഗിക ജോലികള്‍ ആരംഭിക്കുകയും ഫീല്‍ഡ് പരിശോധന നടപടികള്‍ നടന്നുവരികയുമാണ്. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും ന്യായവില പുതുക്കുന്നതിന്റെ ഭാഗമായി പുനഃപരിശോധിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ട്. 2018-ല്‍ സംസ്ഥാനത്തെ ന്യായവില പുനര്‍നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും എടതിരിഞ്ഞി വില്ലേജില്‍ തുടര്‍നടപടികളുണ്ടായില്ല. അതുകൊണ്ടുതന്നെ വില്ലേജിലെ ഉയര്‍ന്ന ന്യായവിലയ്ക്കു പരിഹാരമുണ്ടായില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് എടതിരിഞ്ഞി വില്ലേജിലെ ന്യായവില സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കളക്ടറുടെ നിര്‍ദേശപ്രകാരം നടപടിയാരംഭിച്ചിരിക്കുന്നത്.
വില്ലേജിലെ എല്ലാ സര്‍വേ നമ്പറുകളിലുള്ള ഭൂമികളും പരിശോധിച്ച് വില സംബന്ധിച്ച അപാകങ്ങള്‍ രേഖപ്പെടുത്തി റിപ്പോര്‍ട്ടാക്കും. വില്ലേജിലെ മുഴുവന്‍ ഭൂവുടമകള്‍ക്കും പ്രയോജനപ്പെടാവുന്ന രീതിയില്‍ ഭൂമിയുടെ ന്യായവില കുറയ്ക്കുന്നതിനായി സര്‍ക്കാരിലേക്ക് ഒറ്റ നിര്‍ദേശം നല്‍കാനാണു നീക്കം. വില്ലേജില്‍നിന്ന് നല്കുന്ന റിപ്പോര്‍ട്ട് ആര്‍ഡിഒ, ജില്ലാ കളക്ടര്‍ എന്നിവര്‍ വഴി സര്‍ക്കാരിലേക്കു സമര്‍പ്പിക്കും.