അളഗപ്പ എന്‍ടിസി മില്‍ ജീവനക്കാരെ തൊഴിലാളികള്‍ തടഞ്ഞു
1585525
Thursday, August 21, 2025 8:15 AM IST
അളഗപ്പനഗര്‍: അടച്ചുപൂട്ടിയ അളഗപ്പ എന്‍ടിസി മില്‍ തുറന്നുപ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ മാനേജ്മെന്റ് ജീവനക്കാരെ തടഞ്ഞു. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
അഞ്ചരവര്‍ഷമായി അടച്ചുപൂട്ടിയ അളഗപ്പ ടെക്സ്റ്റൈല്‍ മിൽ ഉള്‍പ്പടെയുള്ള എന്‍ടിസി മില്ലുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെടണമെന്നു യൂണിയനുകള്‍ ആവശ്യപ്പെട്ടു. എട്ടുമാസത്തെ ശമ്പളകുടിശിക നല്‍കുക, പിരിഞ്ഞുപോയവര്ക്കു ഗ്രാറ്റുവിറ്റി നല്‍കുക, ഇഎസ്ഐ ആനുകൂല്യം നല്‍കുക, അര്‍ഹരായവര്‍ക്കു ബോ ണസ് നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മില്‍ ഗേറ്റിനു മുന്പില് തൊഴിലാളികള്‍ ധര്‍ണ നടത്തി.
ഡിസിസി ജനറല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്ണന് ധര്‍ണ ഉദ്ഘാടനം ചെയ്തു. എഐടിയുസി യൂണിയൻ ജനറല്‍ സെക്രട്ടറി കെ. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. സിഐടിയു യൂണിയൻ ജനറല്‍ സെക്രട്ടറി ആന്റോ ഇല്ലിക്കല്‍, ബിഎംഎസ് നേതാവ് എം. തുളസീദാസ്, കെ. രാധാകൃഷ്ണന്, എം.ജി. ജുനീഷ്, ഇ.ആര്. മുരളി എന്നിവര്‍ പ്രസംഗിച്ചു. പുതുക്കാട് എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.