ഇരിങ്ങാലക്കുട നഗരം പകര്‍ച്ചവ്യാധിയുടെ പിടിയില്‍
1585017
Wednesday, August 20, 2025 1:14 AM IST
ഇരിങ്ങാലക്കുട: കാലവര്‍ഷം കനത്തതോടെ നഗരവാസികള്‍ പനിച്ചൂടിന്റെ വിറങ്ങലിപ്പില്‍. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ഏറെ ആശങ്കക്കിടയാക്കുന്നുണ്ട്. ഡെങ്കിക്കൊപ്പം എലിപ്പനിയും പടരുന്നുണ്ട്.
നഗരമധ്യത്തിലെ കനാല്ബേസിസും കാരുകുളങ്ങരയിലുമായി രണ്ടുപേരാണ് എലിപ്പനിബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇരുവരും മെഡിക്കല്‍കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നുവെങ്കിലും ഗുരുതരാവസ്ഥ തരണംചെയ്തു. നഗരത്തില്‍ എലിപ്പനിബാധിച്ച് രണ്ടുപേര്‍ ചികിത്സയിലായതോടെയാണ് നഗരത്തില്‍ പകര്‍ച്ചവ്യാധിയുടെ തീവ്രത പുറംലോകമറിയുന്നത്.
നിരവധിപേരാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പനിമൂലം താലൂക്കാശുപത്രിയിലും മറ്റു സ്വകാര്യ ആശുപത്രികളിലും ചികിത്സതേടിയെത്തിയെത്തിയത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ അഞ്ഞൂറോളംപേരാണ് പനിബാധിച്ച് ചികിത്സയ്ക്കെത്തിയത്. ഇത് താലൂക്കാശുപത്രിയിലെ മാത്രം കണക്കാണ്. സമീപത്തെ സ്വകാര്യ ആശുപത്രികളിലെയും പഞ്ചായത്ത് ഹെല്‍ത്ത് സെന്ററുകളിലെയും കണക്കുകള്‍കൂടി എടുത്താല്‍ പകര്‍ച്ചവ്യാധിയുടെ തീവ്രത വളരെ കൂടുതലാണ്.
നഗരസഭയില്‍ കഴിഞ്ഞ ആറുമാസത്തിനിടയില്‍ 40 ഓളം പേരാണ് ഡെങ്കി ബാധിച്ച് ചികിത്സതേടിയത്. ഡെങ്കി ബാധിച്ച് രണ്ടാഴ്മുമ്പ് ഒരാള്‍ മരണപ്പെട്ടിരുന്നു. പനി പൊട്ടിപ്പുറപ്പെടുന്ന മേഖലകളില്‍ സൂപ്പര്‍ ക്ലോറിനേഷനടക്കമുള്ള നടപടികളും ബോധവത്കരണവും നടത്തുന്നതല്ലാതെ മറ്റിടങ്ങളിലേക്ക് രോഗം വ്യാപിക്കാതിരിക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിക്കുന്നില്ലെന്ന ആരോപണമുണ്ട്.
മാലിന്യംപരന്നൊഴുകുന്ന നഗരത്തില്‍ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള അനുകൂലസാഹചര്യമാണുള്ളത്.