ട്രാൻസ്ഫോമറിലെ അറ്റകുറ്റപ്പണിക്കിടയിൽ വൈദ്യുതി ജീവനക്കാരനു ഷോക്ക്
1585504
Thursday, August 21, 2025 8:10 AM IST
വടക്കാഞ്ചേരി: ട്രാൻസ്ഫോമറിലെ അറ്റകുറ്റപ്പണിക്കിടയിൽ വൈദ്യുതി ജീവനക്കാരനു ഷോക്കേറ്റു. കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി പ്രസാദിനാണ് (39)പരിക്കേറ്റത്.
കഴിഞ്ഞദിവസം രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പൊതുമരാമത്ത് വകുപ്പിന്റെ കാന നിർമാണവുമായി ബന്ധപ്പെട്ട് തടസമായ ട്രാൻസ്ഫോർമറിന്റെ ഗ്രില്ലുകൾ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലിക്കിടെയാണ് അപകടം.
കൂടെയുണ്ടായിരുന്നവർ ഉടനെ ലൈനിനുമുകളിൽനിന്ന പ്രസാദിനെ കയർകെട്ടി താഴെയിറക്കി വടക്കാഞ്ചേരി ജില്ലാശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞദിവസം വടക്കാഞ്ചേരിയിൽ വൈദ്യുതിലൈനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ ഒരു യുവാവ് ഷോക്കേറ്റ് മരണപ്പെട്ടിരുന്നു.
നിരന്തരമായ അപകടങ്ങളുണ്ടാകുന്നത് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണന്ന് നാട്ടുകാർ പറഞ്ഞു.