പകരംവന്ന ഉദ്യോഗസ്ഥനെ പഞ്ചായത്ത് ചാലക്കുടിയിൽ തടഞ്ഞുവച്ചു
1585642
Friday, August 22, 2025 1:39 AM IST
ചാലക്കുടി: ദേശീയപാതയിൽ അടിപ്പാത നിർമാണം നടക്കുന്ന മുരിങ്ങൂരിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ചു ചർച്ചചെയ്യാൻ എത്താമെന്നു സമ്മതിച്ച എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ എത്തിയില്ല.
ഇതോടെ പകരം എത്തിയ എൻജിനീയറെ എൽഡിഎഫ് ജനപ്രതിനിധികൾ തടഞ്ഞുവച്ചു. രാത്രിതന്നെ മുരിങ്ങൂരിൽ റോഡ് ടാറിംഗ് ആരംഭിക്കാമെന്ന ഉറപ്പിലാണ് മണിക്കൂറുകൾക്കുശേഷം എൻജിനീയറെ മോചിപ്പിച്ചത്.
എൻഎച്ച്എഐ സൈറ്റ് എൻജിനീയർ അമലിനെയാണ് മണിക്കൂറുകളോളം പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ തടഞ്ഞുവച്ചത്. പ്രോജക്ട് ഡയറക്ടർ എത്താതെ എൻജിനീയറെ മോചിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു ജനപ്രതിനിധികൾ.
വിവരമറിഞ്ഞ് ചാലക്കുടി എസ്ഐ ഋഷിപ്രസാദിന്റെ നേതൃത്വത്തിൽ എത്തിയ പോലീസിനെ കൊരട്ടി പഞ്ചായത്ത് വികസനസമിതി ചെയർമാൻ കെ.ആർ. സുമേഷ് റസ്റ്റ് ഹൗസിന്റെ ഗേറ്റ് അടച്ച് തടഞ്ഞു. പോലീസ് ബലപ്രയോഗത്തിലൂടെ സുമേഷിനെ മാറ്റിയാണ് അകത്തുകടന്നത്.
പോലീസ് എത്തിയപ്പോൾ എൻജിനീയറെ തടഞ്ഞുവച്ച മുറിയുടെ വാതിൽ ജനപ്രതിനിധികൾ അകത്തുനിന്നും കുറ്റിയിട്ടു. അടച്ചിട്ട വാതിലിനു മുന്പിൽ കെ.ആർ. സുമേഷും മറ്റു പഞ്ചായത്ത് അംഗങ്ങളും കുത്തിയിരുന്നു. തുടർന്നു സ്ഥലത്തെത്തിയ ഡിവൈഎസ്പി പി.സി. ബിജുകുമാർ സിപിഎം ഏരിയാ സെക്രട്ടറി കെ.എസ്. അശോകനുമായി നടത്തിയ ചർച്ചയെതുടർന്ന് അടച്ചിട്ട മുറി ഉള്ളിൽനിന്നു തുറന്നു. ഡിവൈഎസ്പി, പഞ്ചായത്ത് പ്രസിഡന്റുമാരും എൻജിനീയറുമായി ചർച്ച നടത്തിയശേഷമാണു പ്രശ്നപരിഹാരമായത്.
മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്, ഡെന്നീസ് കെ. ആന്റണി, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.