ശോചനീയാവസ്ഥയിൽ എറവ് മൃഗാശുപത്രി; ഇഴജന്തുക്കളുടെ ശല്യവും രൂക്ഷം
1585516
Thursday, August 21, 2025 8:15 AM IST
അരിമ്പൂർ: ശോചനീയാവസ്ഥയിലായ എറവ് മൃഗാശുപത്രിയിൽ ഭീതിയോടെ ജോലി ചെയ്യേണ്ട ഗതികേടിലാണ് ഡോക്ടർ അടക്കമുള്ള നാല് വനിതാജീവനക്കാർ. ഇടക്കിടെ വരുന്ന പാമ്പുകളെ പേടിക്കുകയുംവേണം. മൃഗാശുപത്രിയുടെ പല ഭാഗങ്ങളും തകർന്നനിലയിലാണ്. മൃഗാശുപത്രി കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ അറ്റകുറ്റപ്പണിനടത്താനും സാധിക്കാത്തനിലയിലാണ്.
മൃഗാശുപത്രിയിൽ മുറികൾക്ക് മുകളിലുള്ള വിടവിലൂടെയും ശുചിമുറിയിലെ ദ്വാരങ്ങൾക്കിടയിലൂടെയും പലപ്പോഴായി എത്തുന്ന പാമ്പുകളെകണ്ട് ഭയന്നതായി ജീവനക്കാർ പറയുന്നു. ഇവിടുത്തെ കിണറും പാമ്പുകളുടെ താവളമാണ്.
പഴയ ഓടിട്ട ഇരുനില കെട്ടിടത്തിന്റെ മുകൾഭാഗം ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇവിടെ മരപ്പട്ടി, വെള്ളിമൂങ്ങ തുടങ്ങി പലവിധ ജീവികൾ ഉള്ളതായി ജീവനക്കാർ പറയുന്നു. കെട്ടിടത്തിന്റെ പല ഭാഗങ്ങളും നശിച്ചുതുടങ്ങി.
രണ്ടു മുറികൾ മാത്രമാണ് മൃഗാശുപത്രി കകുള്ളിൽ തട്ട് ഇട്ടിട്ടുള്ളത്. ബാക്കിയുള്ള ഭാഗത്ത് ഇരുമ്പുതകിട് മേഞ്ഞതാണ്. ഇതിന്റെ പല ഭാഗവും അടിഭാഗം പട്ടിക ദ്രവിച്ച് തലയിൽവീഴുന്ന അവസ്ഥയാണ്. മൃഗാശുപത്രിയുടെ ഉൾചുമരുകൾ പലതും നാശത്തിന്റെ വക്കിലാണ്. അതേസമയം 1974ൽ എല്ലാ രേഖകളോടുംകൂടി പണംനൽകി വാങ്ങിയ ഭൂമിയിലാണ് കെട്ടിടമെന്നും എന്നാൽ ഇതുസംബന്ധിച്ച് തർക്കം നിൽക്കുന്നതിലാണ് നിർമാണം നടത്താൻ കഴിയാത്തതെന്നും അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജി. സജീഷ് പറഞ്ഞു.