മാന്ദാമംഗലത്തു കെഎസ്എഫ്ഡിസി തിയേറ്റർ കോംപ്ലക്സ്; ഭൂമി കൈമാറി
1585526
Thursday, August 21, 2025 8:15 AM IST
ഒല്ലൂർ: ടൂറിസം സർക്യൂട്ടിന്റെയും അന്താരാഷ്ട്ര സുവോളജിക്കൽ പാർക്ക് ഉൾപ്പെടെയുള്ള പുത്തൂരിന്റെയും വികസനത്തിന് ആക്കംകൂട്ടുന്ന മാന്ദാമംഗലം മൾട്ടിപർപ്പസ് തിയേറ്റർ കോംപ്ലക്സിനുള്ള ഭൂമിയുടെ രേഖ റവന്യൂ മന്ത്രി കെ. രാജൻ സാംസ്കാരിക മന്ത്രി സജി ചെറിയാനു കൈമാറി. മാന്ദാമംഗലം വില്ലേജിൽപ്പെട്ട ഒരു ഏക്കർ റവന്യൂ പുറമ്പോക്കുഭൂമിയാണ് സംസ്കാരികവകുപ്പിനു കൈമാറിയത്.
ഭൂമി ലഭ്യമാക്കുന്നതിനു കഴിഞ്ഞ ഏപ്രിൽ ഒമ്പതിനു റവന്യൂ മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ യോഗം ചേർന്നിരുന്നു. റവന്യൂ മന്ത്രി നിർദേശിച്ചതനുസരിച്ച്, റവന്യൂ, വനം, സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുകയും ഭൂമി തിട്ടപ്പെടുത്തി റിപ്പോർട്ട് കളക്ടർക്കു കൈമാറുകയും ചെയ്തിരുന്നു. കളക്ടറുടെ റിപ്പോർട്ട് സർക്കാർ പരിശോധിച്ച്, ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി, വ്യവസ്ഥകളോടെ സാംസ്കാരികവകുപ്പിനു കൈമാറാൻ തീരുമാനിച്ചു.
ഒരപ്പൻകെട്ട് വെള്ളച്ചാട്ടം, പീച്ചി ഡാം, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - അന്താരാഷ്ട്ര പൂന്തോട്ടം - ചിത്രശലഭ മ്യൂസിയം, പുത്തൂർ സുവോളജിക്കൽ പാർക്ക്, പുത്തൂർ കായൽ ടൂറിസം, കച്ചിത്തോട്, വല്ലൂർ കുത്ത്, ചിയ്യാരം വാക്കിംഗ് സ്ട്രീറ്റ് തുടങ്ങി ഒല്ലൂർ മണ്ഡലത്തിലെ പ്രകൃതിരമണീയമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ ചേർന്നതാണ് ഒല്ലൂർ ടൂറിസം സർക്യൂട്ട്. പുത്തൂർ സുവോളജിക്കൽ പാർക്കിനു സമീപമാണ് തിയേറ്റർ കോംപ്ലക് സ് സ്ഥാപിക്കുന്നത്.
റവന്യൂ മന്ത്രിയുടെ ചേംബറിൽ നടന്ന രേഖകൈമാറ്റ ചടങ്ങിൽ കേരള ചലച്ചിത്ര വികസന കോർപറേഷൻ (കെഎസ്എഫ് ഡിസി) ചെയർപേഴ്സൺ കെ. മധു, സാംസ്കാരികവകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ, റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറി അനു എസ്. നായർ, കെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടർ പി.എസ്. പ്രിയദർശനൻ തുടങ്ങിയവർ പങ്കെടുത്തു.