യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
1585501
Thursday, August 21, 2025 8:07 AM IST
ചേർപ്പ്: ഊരകത്ത് വീട്ടിൽകയറി യുവാവിനെ ആക്രമിച്ച് അലമാരയിൽനിന്ന് 80,000 രൂപ കവർന്ന കേസിൽ ഒരാൾകൂടി പോലീസ് പിടിയിലായി. ഊരകം ചെറിയപാലം വെളിയത്ത് വീട്ടിൽ കണ്ണൻ(18) ആണ് അറസ്റ്റിലായത്. ഈ കേസിൽ മൂർക്കനാട് ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയായ അക്ഷയ്(അച്ചു-21) എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഊരകം പണ്ടാരച്ചിറ സ്വദേശി തട്ടാരപ്പുരക്കൽ വീട്ടിൽ സന്ദീപിനെയാണ് ആക്രമിച്ചത്. ജൂലൈ 30ന് രാത്രി 11നായിരുന്നു സംഭവം. 500 രൂപ ചോദിച്ചെത്തിയ പ്രതികൾ പണംനൽകാതായപ്പോൾ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ സന്ദീപ് വീടിനുപുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു. ഈ സമയം പ്രതികൾ അലമാരയിലുണ്ടായിരുന്ന പണം കവരുകയായിരുന്നു. അന്തിക്കാട് എസ്ഐ എ.എസ്. സരിൻ, ചേർപ്പ് എസ്ഐ സുബിന്ദ്, ജിഎ സിപിഒ അനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.