തൃശൂരിൽ വീണ്ടും വണ്‍വേ പരീക്ഷണം
1585640
Friday, August 22, 2025 1:39 AM IST
വട്ടംചുറ്റുമോ എന്നു കണ്ടറിയാം
തൃശൂർ: നഗരത്തിലെ തിക്കും തിരക്കും കുറയ്ക്കാനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ പുതിയ നീക്കം. നാളെമുതൽ ചെട്ടിയങ്ങാടി മുതൽ എംഒ റോഡ് വരെയുള്ള പോസ്റ്റ് ഓഫീസ് റോഡിലും സാഹിത്യ അക്കാദമി റോഡിലും വണ്‍വേ സിസ്റ്റം പ്രാബല്യത്തിൽ വരുമെന്നു സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു. ഇടുങ്ങിയ റോഡും വാഹനങ്ങളുടെ പെരുപ്പവുംമൂലം ബുദ്ധിമുട്ടിലാകുന്ന യാത്രികർക്കു സുഗമമായ ഗതാഗതത്തിനു വഴിയൊരുക്കുക എന്നതാണ് ലക്ഷ്യം.
പോസ്റ്റ് ഓഫിസ് റോഡിൽ എംഒ റോഡിൽനിന്ന് വാഹനങ്ങൾക്കു ചെട്ടിയങ്ങാടിയിലേക്ക് പോകാം. എന്നാൽ ചെട്ടിയങ്ങാടിയിൽനിന്ന് എംഒ റോഡിലേക്കു വാഹനങ്ങൾക്കു പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. പോസ്റ്റ് ഓഫീസ് റോഡിൽ ഫ്രൂട്സ് കച്ചവടം നടത്തുന്നവർ വാഹനങ്ങൾ ഒരു വരിയായി നിർത്തി രാവിലെ ഒന്പതിനുമുന്പ് കയറ്റിറക്കുകൾ നടത്തണം.
സാഹിത്യ അക്കാദമി റോഡിൽ സാഹിത്യ അക്കാദമി ജംഗ്ഷനിൽനിന്നു ഫൈൻ ആർട്സ് കോളജ് ജംഗ്ഷനിലേക്കു വാഹനങ്ങൾക്കു പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും ഫൈൻ ആർട്സ് കോളജ് ജംഗ്ഷനിൽനിന്നു സാഹിത്യ അക്കാദമി ജംഗ്ഷനിലേക്കു പ്രവേശനം ഉണ്ടായിരിക്കില്ല. വണ്‍വേ നിയമം തെറ്റിക്കുന്നവർക്കെതിരേ കർശനനടപടികൾ സ്വീകരിക്കുമെന്നു സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു.