ബിനി ടൂറിസ്റ്റ് ഹോം; നടത്തിപ്പുചുമതല കൈമാറിയ കോർപറേഷൻ നടപടി ശരിവച്ചു
1585035
Wednesday, August 20, 2025 1:14 AM IST
തൃശൂർ: സ്വരാജ് റൗണ്ടിൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ബിനി ടൂറിസ്റ്റ് ഹോമിന്റെ നടത്തിപ്പുചുമതല ശക്തൻ ചേംബേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനു കൈമാറിയ നടപടി ചോദ്യംചെയ്ത് സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ജസ്റ്റീസുമാരായ പി.വി. ബാലകൃഷ്ണൻ, അമിത് റാവൽ എന്നിവരാണു കേസ് പരിഗണിച്ചത്.
കോർപറേഷൻ നടപടി നേരത്തേ സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരേ കൗണ്‍സിലർമാരായ വിനോദ് പൊള്ളഞ്ചേരി, പൂർണിമ സുരേഷ്, വി. ആതിര, എൻ.വി. രാധിക, കെ.ജി. നിജി, എൻ. പ്രസാദ് എന്നിവരും അഭിഭാഷകനായ കെ. പ്രമോദും സമർപ്പിച്ച രണ്ട് അപ്പീലുകളാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. രണ്ട് അപ്പീലുകൾ സമർപ്പിച്ചവരും അഞ്ചുലക്ഷം വീതം 10 ലക്ഷം രൂപ പിഴയായി അടയ്ക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
മൂന്നുകോടിയോളം രൂപ ചെലവിട്ടു നടത്തിപ്പുചുമതല ലഭിച്ച സ്ഥാപനം ബിനിയിൽ നവീകരണം നടത്തിയെന്നു വിലയിരുത്തിയ കോടതി, വാടകകക്കാര്യത്തിൽ ചർച്ചനടത്തി കോർപറേഷന് അനുകൂലമായി വർധന വരുത്തിയതായും ചൂണ്ടിക്കാട്ടി. 7.5 ലക്ഷം രൂപയാണ് പ്രതിമാസവാടകയായി നിശ്ചയിച്ചിട്ടുള്ളത്. കോർപറേഷൻ നടപടിക്രമങ്ങൾ പാലിച്ചാണ് നടത്തിപ്പുചുമതല കൈമാറിയതെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പിഴസംഖ്യ ഹൈക്കോടതി മീഡിയേഷൻ സെന്ററിലും ബാർ അസോസിയേഷനിലും വിധിയുടെ സർട്ടിഫൈഡ് കോപ്പി കിട്ടി ഒരുമാസത്തിനകം അടയ്ക്കണമെന്നാണ് നിർദേശം.
കോടതിവിധി ആശ്വാസകരമാണെന്നും അനധികൃതമായ ഇടപെടലുകൾ ഒന്നും ഉണ്ടായിട്ടില്ലെന്ന തങ്ങളുടെ നിലപാട് ശരിവയ്ക്കുന്നതുമാണെന്നും ശക്തൻ ചേംബേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികളായ പി.എസ്. ജനീഷ്, സാജു ഡേവിസ്, റോജി ജോയ് എന്നിവർ വാർത്താമ്മേളനത്തിൽ അറിയിച്ചു.