കോരേച്ചാല്‍ ക്ഷേത്രമൈതാനിയില്‍ ചെണ്ടുമല്ലിവസന്തം
1585630
Friday, August 22, 2025 1:39 AM IST
കോടാലി: ക്ഷേത്രമൈതാനിയിലെ ഒരേക്കര്‍ സ്ഥലത്ത് ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ആയിരക്കണക്കിനു ചെണ്ടുമല്ലിപ്പൂക്കള്‍ വിരിഞ്ഞത് മനോഹരകാഴ്ചയൊരുക്കുന്നു. കോടാലി കൊരേച്ചാല്‍ ശ്രീദുര്‍ഗ കിരാതപാര്വതി ക്ഷേത്രസമിതിയാണ് ഓണത്തെ വരവേല്‍ക്കാന്‍ ചെണ്ടുമല്ലി കൃഷിചെയ്തത്. നാംധാരി എന്ന ഹൈബ്രിഡ് ഇനത്തിലുള്ള ചെണ്ടുമല്ലിത്തൈകളാണ് കൃഷിക്ക് ഉപയോഗിച്ചത്.
മറ്റത്തൂര്‍ കൃഷിഭവന് മുഖേന രണ്ടായിരത്തിഅഞ്ഞൂറോളം തൈകള്‍ വാങ്ങി കഴിഞ്ഞ ജൂണിലാണ് ക്ഷേത്രസമിതി ഭാരവാഹികളുടെ നേതൃത്വത്തില്‍ പൂകൃഷിക്കു തുടക്കംകുറിച്ചത്. ഓണക്കാലത്തേക്കാവശ്യമായ പൂക്കള്‍ ജനങ്ങള്‍ക്കു കുറഞ്ഞവിലയ്ക്കു പ്രാദേശികവിപണിയില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണു പൂകൃഷി നടത്തിയതെന്ന് ക്ഷേത്രം ട്രസ്റ്റ് കമ്മിറ്റി സെക്രട്ടറി സുരേഷ് കടുപ്പശേരിക്കാരന്‍ പറഞ്ഞു.
ക്ഷേത്രക്കമ്മിറ്റി അംഗങ്ങളും വനിത കൂട്ടായ്മയായ ഭഗിനിമണ്ഡല് പ്രവര്‍ത്തകരും ഭക്ത ജനങ്ങളുംകൂടിയാണു കളകള്നീക്കിയും വളപ്രയോഗം നടത്തിയും ചെടികളെ പരിപാലിച്ചുവളര്‍ത്തിയത്. ഒാഗസ്റ്റ് തുടക്കത്തില്‍ത്തന്നെ ചെടികള്‍ പൂത്തു.
മഞ്ഞയും ഓറഞ്ചുമായി രണ്ടുനിറത്തിലുള്ള ആയിരക്കണക്കിനു പൂക്കളാണ് ക്ഷേത്രമൈതാനത്ത് വിടര്ന്നുനിൽക്കുന്നത്. ചെണ്ടുമല്ലിപ്പൂക്കളുടെ വിളവെടുപ്പ് നാളെ രാവിലെ 10ന് ശബരിമല മുന്‍ മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന് നമ്പൂതിരി നിര്‍വഹിക്കും.