മുള്ളൂർക്കരയിലെ കെഎസ്യു - എസ്എഫ്ഐ സംഘർഷം: കെഎസ്യു നേതാക്കൾക്കെതിരേ കേസ്
1585628
Friday, August 22, 2025 1:39 AM IST
വടക്കാഞ്ചേരി: മുള്ളൂർക്കരയിൽ കെഎസ്യു - എസ്എഫ്ഐ സംഘർഷം. എസ്എഫ്ഐ പ്രവർത്തകൻ ദേശമംഗലം സ്വദേശി ആദിത്യന്റെ പരാതിയിൽ ഗണേഷ് ആറ്റൂർ ഉൾപ്പെടെ ഏഴു പേർക്കെതിരേ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പ് ചേർത്ത് വടക്കാഞ്ചേരി പോലീസ് കേസെടുത്തു. മുള്ളൂർക്കരയിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു കെഎസ്യു - എസ്എഫ്ഐ സംഘർഷം.
കെഎസ്യു പ്രവർത്തകരായ ഗണേഷ് ആറ്റൂർ, അൽഅമീൻ,അസലാം, ജിജേഷ് എന്നിവരെ കൂടാതെ കണ്ടാലറിയാവുന്ന മൂന്നുപേരെ കൂടി ചേർത്ത് വടക്കാഞ്ചേരി പോലീസ് കൊലക്കുറ്റം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽകഴിയുന്ന ദേശമംഗലം വട്ടപ്പറമ്പിൽ വീട്ടിൽ വി.എസ്. ആദിത്യന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
കാലിക്കട്ട്് യൂണിവേഴ്സിറ്റി ഡിസോൺ കലോത്സവവുമായി ബന്ധപ്പെട്ട് കിള്ളിമംഗലം കോളജിലും മാള കോളജിലും എസ്എഫ്ഐ, കെ എസ്യു വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായതിന്റെ മുൻവൈരാഗ്യത്താൽ മുള്ളൂർക്കര റെയിൽവേ ഗേറ്റ് കഴിഞ്ഞുള്ള ചായക്കടയുടെ മുൻവശത്ത് വച്ച് ആദിത്യനേയും സഹപാഠിയായ എൽദോസിനെയും കെഎസ്യു പ്രവർത്തകരായ ഗണേശ്, അസലം, അൽഅമീൻ, ജിജേഷ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേരും ചേർന്ന് ഇരുമ്പ് കമ്പി ഉപയോഗിച്ച് തലയ്്ക്ക് അടിക്കുകയായിരുന്നു. പോക്കറ്റിൽ നിന്നും ഗണേഷ് 8000 രൂപയും മൊബൈൽഫോണും തട്ടിയെടുക്കുകയും ചെയ്തുവെന്നും എഫ്ഐആറിൽ പറയുന്നു. വടക്കാഞ്ചേരി എസ്ഐ ഡി.എസ്.ആനന്ദിനാണ് കേസിന്റെ അന്വേഷണ ചുമതല.