ബെസ്റ്റ് പെർഫോർമർ പുരസ്കാരം നേടി തൃശൂർ കോർപറേഷൻ
1585638
Friday, August 22, 2025 1:39 AM IST
തൃശൂർ: കേന്ദ്ര സർക്കാർ ഇന്ത്യയിലെ നഗരങ്ങളുടെ ശുചിത്വനിലവാരം നിശ്ചയിക്കുന്നതിനായി നടത്തുന്ന സ്വച്ഛ് സർവേക്ഷൻ 2024 റാങ്കിംഗിൽ ബിഗ് സിറ്റി കാറ്റഗറിയിൽ കേരളത്തിൽ രണ്ടാംസ്ഥാനം ലഭിച്ച തൃശൂർ കോർപറേഷന് സംസ്ഥാന സർക്കാരിന്റെ ബെസ്റ്റ് പെർഫോർമർ പുരസ്കാരം ലഭിച്ചു.
ചരിത്രത്തിലാദ്യമായാണ് കേരളത്തിൽനിന്നുള്ള നഗരസഭകൾ ശുചിത്വ റാങ്കിംഗിൽ ആദ്യ നൂറിൽ എത്തുന്നത്. കഴിഞ്ഞ തവണ ദേശീയ റാങ്കിംഗിൽ ഉണ്ടായിരുന്ന 333-ാംസ്ഥാനത്തുനിന്നാണ് 58-ാംസ്ഥാനത്തേക്കു തൃശൂർ കോർപറേഷൻ മുന്നേറിയത്.
തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷിൽനിന്ന് മേയർ എം.കെ. വർഗീസ്, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ഡി. സാജു, ജില്ലാ അസിസ്റ്റന്റ് ഡയറക്ടർ ബിന്ദു പരമേശ്വരൻ, കോർപറേഷൻ സെക്രട്ടറി വി.പി. ഷിബു, ക്ലീൻ സിറ്റി മാനേജർ പി.വി. അജിത്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ മനേഷ് ബാബു, ഐ.വി. രാജീവ്, ബാബു ലൂയിസ്, ജയപ്രകാശ്, ശുചിത്വ മിഷൻ യംഗ് പ്രഫഷണൽ രാഹുൽ രാജീവ് തുടങ്ങിയവർ ചേർന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.