ഓണത്തിനു ഗിഫ്റ്റ് ഹാമ്പർ ഒരുക്കി കുടുംബശ്രീ
1585520
Thursday, August 21, 2025 8:15 AM IST
തൃശൂർ: ഓണത്തിനു ഗിഫ്റ്റ് ഹാമ്പർ ഒരുക്കി കുടുംബശ്രീ. കുടുംബശ്രീയുടെ സ്വന്തം ഓൺലൈൻ പ്ലാറ്റ്ഫോമായ ‘പോക്കറ്റ്മാർട്ടി’ലൂടെ വില്പന ആരംഭിച്ചു. ‘ഓണം കുടുംബശ്രീക്ക് ഒപ്പം’ എന്ന ടാഗ് ലൈനിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ എല്ലാവർക്കും ഓർഡർ ചെയ്യാവുന്ന രീതിയിലാണ് ഗിഫ്റ്റ് ഹാമ്പർ വില്പന ക്രമീകരിച്ചിട്ടുള്ളത്.
കുടുംബശ്രീയുടെ ബനാന ചിപ്സ്, ശർക്കരവരട്ടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, സാമ്പാർ പൊടി, വെജ് മസാല, സേമിയ - പാലട പായസം മിക്സ് തുടങ്ങിയ ബ്രാൻഡഡ് ഉത്പന്നങ്ങളാണ് ഗിഫ്റ്റ് ഹാമ്പറിൽ ഒരുക്കിയിട്ടുള്ളത്. 799 രൂപയാണ് ഒരു ഹാമ്പറിനു നിലവിലെ വില. ഡെലിവറി ചാർജും ഉണ്ടാകും. നിലവിൽ ഷിപ്പ്റോക്കറ്റിനെയാണ് ഡെലിവറി പാർട്ണറായി തെരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് ആകെ ആദ്യ ഘട്ടത്തിൽ 5000 ഗിഫ്റ്റ് ഹാമ്പറുകളാണ് ഓൺലൈനായി വിതരണം ചെയ്യുക.
തൃശൂർ ജില്ലയിലെ കുടുംബശ്രീ ബസാർ, കണ്ണൂർ കറി പൗഡർ കൺസോർഷ്യം എന്നിവർക്കാണ് 2500 വീതം യഥാക്രമം വിതരണച്ചുമതല. ജില്ലയിൽ ഇതിനകം രണ്ടായിരത്തിലധികം ഓർഡറുകൾ ലഭിച്ചുകഴിഞ്ഞു. ഓർഡർ അനുസരിച്ചുള്ള പാക്കിംഗ് പ്രവർത്തനങ്ങൾ കുടുംബശ്രീ ബസാറിൽ പുരോഗമിക്കുകയാണ്. ഗിഫ്റ്റ് ഹാംപറിന്റെ വിതരണം ഈമാസംതന്നെ പൂർത്തീകരിക്കും.