ആസ്വാദകരില്‍ അനുഭൂതിനിറച്ച് ഗോപുരത്തിങ്കല്‍ പാണ്ടിമേളം
1585016
Wednesday, August 20, 2025 1:14 AM IST
കൊടകര: ക്ഷേത്രവാദ്യകലാകാരന്മാരുടെ കൂട്ടായ്മയായ കൊടകര മേളകലാസംഗീത സമിതിയുടെ പതിനഞ്ചാംവാര്ഷികത്തോടനുബന്ധിച്ച് അരങ്ങേറിയ ഗോപുരത്തിങ്കല്‍ പാണ്ടിമേളം ആസ്വാദകര്‍ക്ക് അനുഭൂതിയായി.
ത്രിപുടവട്ടങ്ങളാല് ആസ്വാദകരെ കോരിത്തരിപ്പിച്ച് അക്ഷരകാലങ്ങള്‍ അഴകൊരുക്കിയ പാണ്ടിമേളം പൂനിലാര്‍ക്കാവ് ക്ഷേത്രഗോപുരത്തിനുമുന്നില്‍ മറ്റൊരു മേളഗോപുരം തീര്‍ക്കുകയായിരുന്നു. തിരുവല്ല രാധാകൃഷ്ണനായിരുന്നു മേളത്തിന്റെ അമരക്കാരന്.
ചൊവ്വല്ലര്‍ മോഹനവാരിയര്‍, കൊടകര ഉണ്ണി, മൂര്‍ക്കനാട് ദിനേശന്വാരിയര്, അവിട്ടത്തൂര്‍ രാജപ്പന്, കീനൂര്‍ സുബീഷ്, മേളകലാസമിതി സുവര്ണമുദ്രജേതാവുകൂടിയായ കൊടകര വിജില്‍ ആര്. മേനോന് എന്നിങ്ങനെയായിരുന്നു ഉരുട്ടുചെണ്ടക്കാരുടെ നിര. ഇലഞ്ഞിത്തറമേളത്തിന്റെ പ്രമാണി കീഴൂട്ട് നന്ദനന്റെ കീഴില്‍ കൊടകര അനൂപ്, കീനൂര്‍ പ്രേംദാസ്, പുതൂര്‍ക്കര ദീപു, കീനൂര്‍ അഭിലാഷ് എന്നിവര്‍ കുറുംകുഴലില്‍ സംഗീതമൊരുക്കി.
മച്ചാട് രാമചന്ദ്രന്, പേരാമംഗലം വിജയന്, മച്ചാട് പത്മകുമാര്‍ എന്നിവരാണ് കൊമ്പുമായി അണിനിരന്നു. കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, പോറാത്ത് ഉണ്ണിമാരാര്‍, കൊടകര അനീഷ് തുടങ്ങിയവര്‍ വലംതലയില്‍ താളമിട്ടപ്പോള്‍ മുതിര്‍ന്ന ഇലത്താളപ്രമാണി കുമ്മത്ത് നന്ദനന്‍, കീനൂര്‍ ഉണ്ണിക്കുട്ടന്, അനില്വാരിയര് എന്നിവര്‍ ഇലത്താളത്തിലും നിരന്നു. മേളത്തില്‍ പങ്കെടുത്ത പ്രമാണിമാരെ മേളകലാസംഗീതസമിതി ഭാരവാഹികള്‍ ആദരിച്ചു.