ഒടുവിൽ ടാറിംഗ്,
1585641
Friday, August 22, 2025 1:39 AM IST
തൃശൂർ: മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കുകൾക്കും സുപ്രീംകോടതിവരെ ഇടപെട്ട നിയമവ്യവഹാരങ്ങൾക്കുംശേഷം ദേശീയപാതയിലെ സർവീസ് റോഡുകളിൽ ടാറിംഗ് ആരംഭിച്ചു. മുടിക്കോടും കല്ലിടുക്കിലും ആന്പല്ലൂരിലും ടാറിംഗ് തുടങ്ങിയിട്ടുണ്ട്. ടോൾപിരിവ് ഹൈക്കോടതി തടഞ്ഞ് രണ്ടാഴ്ച പിന്നിടുന്പോഴാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ഫലപ്രദമായ നടപടിയിലേക്കു കരാർ കന്പനിയും എൻഎച്ച്എഐയും കടക്കുന്നത്.
ചാലക്കുടിയിൽ എൽഡിഎഫ് ജനപ്രതിനിധികൾ നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയിലെ സൈറ്റ് എൻജിനീയറെ തടഞ്ഞുവച്ച സംഭവവുമുണ്ടായി. മുരിങ്ങൂരിൽ ഇന്നലെ രാത്രിതന്നെ ടാറിംഗ് നടത്തുമെന്ന ഉറപ്പു വാങ്ങിയെടുത്ത ശേഷമാണ് സമരം അവസാനിപ്പിച്ചത്.
ആമ്പല്ലൂരിൽ ചാലക്കുടിക്കു പോകുന്ന പാതയിലാണ് ടാറിംഗ് നടത്തുന്നത്. ഇരുഭാഗത്തേക്കുമുള്ള സര്‍വീസ് റോഡുകളില്‍ ടാറിംഗ് ഇന്നു പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഗതാഗതക്കുരുക്ക് എത്രയും വേഗം പരിഹരിച്ച് ടോള്‍ പിരിവ് പുനരാരംഭിക്കുന്നതിനാണ് ദ്രുതഗതിയിലുള്ള ടാറിംഗ്. മാസങ്ങളായി തകര്‍ന്നുകിടന്ന റോഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ ദേശീയപാത അഥോറിറ്റിക്കു നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ടോള്‍ പിരിവ് നിര്‍ത്തിവച്ച സാഹചര്യം വന്നതോടെയാണ് സര്‍വീസ് റോഡുകള്‍ സഞ്ചാരയോഗ്യമാക്കാന്‍ തയാറായത്.
അടിപ്പാത നിർമാണം നടക്കുന്ന മുടിക്കോടും കല്ലിടുക്കിലും സർവീസ് റോഡ് റീടാറിംഗ് ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞാണ് ഇവിടെ ടാറിംഗ് ആരംഭിച്ചത്. കല്ലിടുക്കിൽ തൃശൂർ ഭാഗത്തേക്കുള്ള ടാറിംഗ് ഏകദേശം പൂർത്തിയായി. മുടിക്കോടും കല്ലിടുക്കിലും പാലക്കാട് ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെ ടാറിംഗ് പുരോഗമിക്കുന്നു.
ടാറിംഗ് ആരംഭിച്ചതോടെ ഇരുഭാഗത്തും ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണത്തെതുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. കല്ലിടുക്ക് മുതൽ പീച്ചിറോഡ് ജംഗ്ഷൻവരെ വാഹനങ്ങളുടെനിര നീണ്ടു.