പ്രവർത്തനം നിലച്ച് ക്രിമറ്റോറിയം; അനക്കമില്ലാതെ അധികൃതർ
1585622
Friday, August 22, 2025 1:39 AM IST
ലാലൂർ: കോർപറേഷന്റെ കീഴിൽ ലാലൂരിൽ ആരംഭിച്ച ഗ്യാസ് ക്രിമറ്റോറിയത്തിന്റെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും അനക്കമില്ലാതെ അധികാരികൾ. പുകക്കുഴലിനു സംഭവിച്ച കേടുപാടാണ് പ്രവർത്തനം നിലയ്ക്കാൻ ഇടയാക്കിയത്.
കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ ഡിവിഷനിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം 1999 ൽ 10 ലക്ഷം രൂപ ചെലവഴിച്ചാണ് ആദ്യം പ്രവർത്തനം ആരംഭിച്ചത്. അന്ന് വൈദ്യുതിയിലായിരുന്നു പ്രവർത്തനം. 2012 ൽ മന്ത്രി സി.എൻ. ബാലകൃഷ്ണനാണ് ഇതിനെ ഗ്യാസ് ക്രിമറ്റോറിയമായി മാറ്റുകയും ഉദ്ഘാടനം നടത്തുകയും ചെയ്തത്. എന്നാൽ പലവിധ തകരാറുകൾ നേരിട്ടിരുന്ന ഇവിടെ സെമി ഓട്ടോമാറ്റിക് സംവിധാനത്തിൽ എൽപിജി ഗ്യാസിൽ പ്രവർത്തിക്കുന്ന രണ്ട് യൂണിറ്റുകൾ കൂടി സജ്ജമാക്കിയതോടെ പ്രശ്നങ്ങൾക്കു താത്കാലിക പരിഹാരമാകുകയായിരുന്നു.
ഒരേസമയം രണ്ടു മൃതദേഹങ്ങൾവരെ സംസ്കരിച്ചിരുന്ന ഇവിടെ പുകക്കുഴലിനുണ്ടായ കേടുപാടുകളോടെയാണ് വീണ്ടും പൂട്ടുവീണത്. സംസ്കാരകർമങ്ങൾക്കിടെ പുക മുകളിലേക്കു പോകാത്തതുമൂലം ടാങ്കുകളുടെയും സംസ്കരണപ്ലാന്റിന്റെയും പ്രവർത്തനം താളം തെറ്റി.
നേരത്തേ ഒരുമണിക്കൂർമാത്രം വേണ്ടിവന്നിരുന്ന സംസ്കരണചടങ്ങുകൾക്കു നാലും അഞ്ചും മണിക്കൂറുകൾ സമയമെടുക്കാൻ തുടങ്ങിയതോടെ സംസ്കരിക്കുന്ന മൃതദേഹങ്ങളുടെ എണ്ണവും ചുരുക്കി. ജീവനക്കാരുടെ എണ്ണവും നാലിൽനിന്ന് രണ്ടായി കുറഞ്ഞു.
സ്വകാര്യശ്മശാനങ്ങളിൽ ഭീമമായ നിരക്ക് വാങ്ങിയിരുന്ന സമയത്തും കോർപറേഷൻ പരിധിയിലുള്ള ബിപിഎൽ കാർഡുടമകൾക്കു 2000 രൂപയും എപിഎൽക്കാർക്ക് 2500 രൂപയും മറ്റുള്ളവർക്കു 3500 രൂപയുംമാത്രമാണ് ഇവിടെ ഈടാക്കിയിരുന്നുള്ളൂ. ക്രിമറ്റോറിയം പൂട്ടിയതോടെ മെഡിക്കൽ കോളജിൽനിന്നും ജില്ലയിലെ വിവിധ ആശുപത്രികളിൽനിന്നും കൊണ്ടുവരുന്ന അനാഥമൃതദേഹങ്ങൾ സംസ്കരിക്കാനും വഴിയില്ലാതെ പോലീസും നട്ടംതിരിയുകയാണ്.