ഉടമയെ കുത്തിമറിച്ചിട്ടശേഷം എരുമ വിരണ്ടോടി
1585506
Thursday, August 21, 2025 8:14 AM IST
കയ്പമംഗലം: ഉടമയെ കുത്തിമറിച്ചിട്ടശേഷം എരുമ വിരണ്ടോടി കയ്പമംഗലത്ത് എത്തിയതു പരിഭ്രാന്തി പരത്തി.
കയ്പമംഗലം കൂരിക്കുഴിയിലാണു വിരണ്ടോടിയ എരുമ നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത്. എടമുട്ടം കിഴക്ക് മേപ്പറം സ്വദേശി കറപ്പംവീട്ടിൽ അഫ്സലിനെയാണ് എരുമ കുത്തിമറിച്ചിട്ടത്.
ഇന്നലെ പുലർച്ചെ നാലോടെയാണു സംഭവം. കച്ചവടക്കാരനായ അഫ്സൽ തമിഴ്നാട്ടിൽനിന്നും കൊണ്ടുവന്ന എരുമയെ വാഹനത്തിൽനിന്നും ഇറക്കിയശേഷം പറമ്പിൽ കെട്ടുന്നതിനിടെയാണ് അഫ്സലിനെ കുത്തിയത്. ഇവിടെനിന്നും ഓട്ടം തുടങ്ങിയ എരുമ കിലോമീറ്ററുകൾ താണ്ടിയാണു കൂരിക്കുഴിയിലെത്തിയത്. കാലിൽ സാരമായി പരിക്കേറ്റ അഫ്സൽ കോതകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
സലഫി നഗർ, കൂരിക്കുഴി, പതിനെട്ടുമുറി, പഞ്ഞംപള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് എരുമ വിരണ്ടോടിയത്. കൂരിക്കുഴി ഭാഗത്തുവെച്ച് എരുമ ഒരാളെ ആക്രമിക്കാൻ ശ്രമിച്ചതായും പറയുന്നുണ്ട്.