മൂന്നു വയസുള്ള കുട്ടി കുളത്തിൽവീണു മരിച്ചു
1585236
Wednesday, August 20, 2025 11:12 PM IST
എളവള്ളി: ജാർഖണ്ഡ് സ്വദേശികളുടെ മൂന്നു വയസുള്ള കുട്ടി കുളത്തിൽവീണു മരിച്ചു. പഞ്ചായത്തിലെ വാക കാക്കത്തുരുത്തിൽ താമസിക്കുന്ന ജാർഖണ്ഡ് സ്വദേശി ജഗൻ-ജെയ് പ്രേമി എന്നിവരുടെ മകൻ ദീപേന്ദ്ര ബഗൻ (മൂന്ന്) ആണ് കുളത്തിൽവീണു മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം.
പാവറട്ടി സ്വദേശിയുടെ കാക്കത്തുരുത്തിലുള്ള ഫാമിൽ ജോലി ചെയ്യുകയും അവിടെ തന്നെ താമസിക്കുകയുമായിരുന്നു ഈ കുടുംബം. രാവിലെ ഇവരുടെ ഫാം ഹൗസിനോട് ചേർന്നുള്ള കുളത്തിനരുകിൽ കളിച്ചു കൊണ്ടിരുന്ന കുട്ടി കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു.
അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് കുട്ടിയെ കുളത്തിൽനിന്നു പുറത്തെടുത്തത്. പ്രഥമ ശുശ്രൂഷ കൊടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.