മുത്തശിമാർക്കുള്ള മാക്സി തയ്ക്കുന്ന തിരക്കിലാണ് എൻഎസ്എസ് വിദ്യാർഥികൾ
1585621
Friday, August 22, 2025 1:39 AM IST
എരുമപ്പെട്ടി: മാക്സികൾ തയ്ക്കുന്ന തിരക്കിലാണ് മരത്തംകോട് സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ. വൃദ്ധസദനത്തിലെ മുത്തശിമാർക്ക് ഓണക്കോടിയായി നൽകുവാനാണ് ഇവർ മാക്സികൾ തയ്ക്കുന്നത്.
സ്കൂളിലെ എൻഎസ്എസ് വൊളന്റിയർമാരും സൂചിയും നൂലും എന്ന പേരിലുള്ള തയ്യൽ യൂണിറ്റിലെ അംഗങ്ങളുമായ ഹംദ, റോമിത്ത്, ലിയ, നിവേദ്യ കൃഷ്ണ, മിസ്ന എന്നിവരാണ് മാക്സികൾ തയ്ക്കുന്നത്. ചിറമനേങ്ങാട് കനിവ് വൃദ്ധസദനത്തിലെ 20 മുത്തശിമാർക്കാണ് ഇവർ ഓണക്കോടിയായി മാക്സികൾ സമ്മാനിക്കുന്നത്. വൃദ്ധ സദനത്തിൽ ചെന്ന് അവരുടെ ഇഷ്ടങ്ങൾ മനസിലാക്കിയാണ് വിദ്യാർഥികൾ മാക്സികൾ ഒരുക്കുന്നത്.
എൻഎസ്എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ഡോ. എൻ.എ.വിനീതയാണ് ഈ ആശയം മുന്നോട്ട് വെച്ചത്.
പ്രോഗ്രാം ഓഫീസർ രേഷ്മ പടിക്കവളപ്പിൽ, പ്രിൻസിപ്പൽ വി. സ്മിത, ലാബ് അസിസ്റ്റന്റ് ലിജി തോമസ് എന്നിവരും സഹായത്തിനുണ്ട്.
പിടിഎ, എംപിടിഎ, എസ്എംസി കമ്മറ്റികളുടെ സഹകരണവും ഇവർക്ക് പ്രോത്സാഹനമാണ്.
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസവും അതോടൊപ്പം സാമൂഹിക ജീവകാരുണ്യ പ്രവർത്തനവുമാണ് എൻഎസ്എസ് യൂണിറ്റ് ഇത്തരം പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് വെക്കുന്ന ആശയം.
മുൻപും സ്വാതന്ത്ര്യ ദിനാഘോഷത്തിൻന്റെ ഭാഗമായി ദേശീയപതാക തയ്ച്ച് വില്പന നടത്തി ആ പണം കൊണ്ട് വൃദ്ധസദനത്തിലേക്ക് ഓണക്കോടി വാങ്ങി നൽകിയിരുന്നു. കഴിഞ്ഞവർഷം അങ്കണവാടിയിലെ കുട്ടികൾക്ക് ജുബ്ബകൾ തയ്ച്ച് നൽകിയിരുന്നു.
ഇത്തരത്തിൽ വ്യത്യസ്തമായ ഒട്ടേറെ ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങളാണ് മരത്തംകോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് നടത്തിയിട്ടുള്ളത്.
ഈ ഓണം വൃദ്ധസദനത്തിലെ മുത്തശിമാരോടൊത്ത് ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ് എൻഎസ്എസ് വിദ്യാർഥികൾ.