നാടെങ്ങും ജയന്തി മഹാഘോഷയാത്ര
1589936
Monday, September 8, 2025 4:39 AM IST
ആലുവ: ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷത്തിന്റെ ഭാഗമായി ജയന്തി മഹാഘോഷയാത്ര നടത്തി. അദ്വൈതാശ്രമ കവാടത്തില്‍ എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന് യൂണിയന് പ്രസിഡന്റ് വി. സന്തോഷ് ബാബുവിന് പതാക കൈമാറി ഘോഷയാത്ര ഉദ്ഘാടനം ചെയ്തു.
അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മ ചൈതന്യ, അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവരും ഘോഷയാത്രയുടെ ഭാഗമായി. തുടര്‍ന്ന് താളമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര ആരംഭിച്ചു.
പമ്പ് കവല, റെയില്‍വേ സ്റ്റേഷന്, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, ജില്ലാ ആശുപത്രി, കാരോത്തുകുഴി, മാര്‍ക്കറ്റ് റോഡ്, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, ബാങ്ക് കവല, പാലസ് റോഡ് വഴി തിരികെ അദൈ്വതാശ്രമത്തിന് മുമ്പില്‍ സമാപിച്ചു.
ജയന്തിയാഘോഷങ്ങളുടെ സമാപനം 14ന് രാവിലെ പത്തിന് ആലുവ എസ്എന്‍ഡിപി സ്കൂളില്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഘോഷയാത്രയില്‍ വിവിധ കാറ്റഗറിയില്‍ വിജയികളായ ശാഖകള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
പറവൂര്‍: എസ്എന്‍ഡിപി യോഗം പറവൂര്‍ യൂണിയന്റെ 171-ാമത് ജയന്തി സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. യൂണിയന് ചെയര്മാന് സി.എന്‍. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് മുഖ്യാതിഥിയായിരുന്നു. വിശിഷ്ട വ്യക്തികളെ നഗരസഭാധ്യക്ഷ ബീന ശശിധരന് ആദരിച്ചു.
വിദ്യാഭ്യാസ അവാര്‍ഡുകള്‍ നഗരസഭ പ്രതിപക്ഷനേതാവ് ടി.വി. നിധിനും യൂണിയന്‍തല കലാ മത്സരങ്ങളുടെ സമ്മാനങ്ങള്‍ കൗണ്‍സിലര്‍ രഞ്ജിത്ത് മോഹനും വിതരണം ചെയ്തു.
തുടര്‍ന്ന് ജയന്തി സാംസ്കാരിക ഘോഷയാത്ര നടന്നു. വാദ്യമേളങ്ങള്‍, കാവടിയാട്ടം, വിവിധ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ചേന്ദമംഗലം കവലയിലെ യൂണിയന് ഓഫീസില്‍ നിന്നും പകല്‍ മൂന്നിന് ഘോഷയാത്ര തുടങ്ങി. താലൂക്കിലെ 72 ശാഖകളില്‍ നിന്നുള്ള പ്രവർത്തകർ ഘോഷയാത്രയില്‍ അണിചേര്‍ന്നു.
യൂണിയന് നേതാക്കളായ ഷൈജു മനയ്ക്കപ്പടി, ഇ.എസ്. ഷീബ, പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, ഡി. പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പറവൂര്‍: ചേന്ദമംഗലം പാലാതുരുത്ത് ഗുരുദേവ സംഘമിത്രയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഗുരുദേവ ജയന്തി ദിനാഘോഷം മുന്‍ എംഎല്‍എ കെ.എന്‍. ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികളെ മുന്‍ എംപി കെ.പി. ധനപാലന് ആദരിച്ചു.
എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്. സ്വാമിനാഥന് അധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ ഇ.എസ്. ഷീബ, സംഘമിത്ര സെക്രട്ടറി എം.എം. പവിത്രന്, ട്രഷറര്‍ എം.ആര്. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
തൃപ്പൂണിത്തുറ: തെക്കുംഭാഗം ശ്രീനാരായണ ധർമ്മപോഷിണി സഭയുടെയും തെക്കുംഭാഗം 2637 എസ്എൻഡിപി ശാഖയുടെയും കുടുംബ യൂണിറ്റുകളുടെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ചതയ ദിനാഘോഷത്തിന്റെ ഭാഗമായി തമ്മണ്ടിൽ ക്ഷേത്രാങ്കണത്തിൽ സഭാ പ്രസിഡന്റ് വി.എസ്. കൃഷ്ണകുമാർ പതാകയുയർത്തി.
തുടർന്ന് ഗുരു പൂജയ്ക്ക് ശേഷം നടന്ന വാഹന റാലി ഹിൽപാലസ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. അനില ഫ്ലാഗ് ഓഫ് ചെയ്തു.