‘റോഡിൽ വേഗനിയന്ത്രണം ഏർപ്പെടുത്തണം’
1590219
Tuesday, September 9, 2025 4:17 AM IST
ഇലഞ്ഞി: അപകടം ഒഴിവാക്കുന്നതിനായി റോഡിൽ വേഗത നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യം ശക്തമാകുന്നു. കൂത്താട്ടുകുളം-ഇലഞ്ഞി റോഡിൽ കാലാനിമറ്റം കവലയ്ക്ക് സമീപം ചേലക്കൽ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് വേഗത നിയന്ത്രണം ആവശ്യമായി വന്നിരിക്കുന്നത്.
ചേലക്കൽ റോഡിന്റെ നിർമാണം പൂർത്തീകരിച്ചതോടെ പൈങ്കുറ്റി, കൂര്, മുത്തോലപുരം ഭാഗത്തുനിന്നും ഇലഞ്ഞി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അതിവേഗത്തിൽ പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.
ഇത് ഒഴിവാക്കുന്നതിനായി ചേലക്കൽ റോഡിൽനിന്നും പ്രധാന റോഡിലേക്ക് കയറുന്ന വാഹനങ്ങളുടെ സ്പീഡ് നിയന്ത്രിക്കുന്നതിനായി ഹമ്പുകളോ സ്പീഡ് ബ്രേക്കറുകളോ സ്ഥാപിക്കേണ്ടതുണ്ട്.
പലപ്പോഴും ടോറസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ അതിവേഗത്തിലാണ് പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നത്. ഇടറോഡിൽ നിന്നും അമിതവേഗത്തിൽ വാഹനം എത്തുന്നത് അറിയാതെ പ്രധാന റോഡിലൂടെ കടന്നുപോകുന്ന മറ്റ് വാഹന യാത്രക്കാർ അപകടത്തിൽ പെടാനുള്ള സാധ്യത ഏറെയാണ്.