കറുകുറ്റിയിലെ 'അക്രാക്' സൗജന്യ ഡയാലിസിസ് പദ്ധതി ഒരു വർഷം പിന്നിടുന്നു
1589940
Monday, September 8, 2025 4:39 AM IST
അങ്കമാലി: കറുകുറ്റി "അക്രാക്' നേതൃത്വത്തിൽ തുടക്കംകുറിച്ച ഡയാലിസിസ് സഹായ പദ്ധതി "കാരുണ്യ സ്പർശം' ഒരു വർഷം പൂർത്തിയാകുന്നു. ഇതിനകം തന്നെ കറുകുറ്റി പഞ്ചായത്ത് പരിധിയിലുള്ള ഇരുപതോളം വൃക്ക രോഗികൾക്ക് അപ്പോളോ അഡലക്സ് , അങ്കമാലി ലിറ്റിൽ ഫ്ലവർ , മൂക്കന്നൂർ എംഎജിഎച്ച് എന്നീ ആശുപത്രികളിൽ ഡയാലിസിസ് നടത്തുന്നതിനായി ഒരാൾക്ക് 40 വീതം 800 കൂപ്പണുകൾ നാല് തവണകളായി തികച്ചും സൗജന്യമായി നൽകാൻ കഴിഞ്ഞു.
ഡയാലിസിസ് കൂപ്പണുകൾക്ക് പുറമെ ഓരോ തവണയും 1500 രൂപയോളം ചെലവ് വരുന്ന അരിയും കിറ്റുകളും നൽകിയിട്ടുണ്ട്. ഒന്പതു ലക്ഷത്തോളം രൂപ ഇതിനോടകം തന്നെ ഇതിനുവേണ്ടി "അക്രാക് ' ചെലവഴിച്ചിട്ടുണ്ട്.
പദ്ധതിയുടെ പ്രവർത്തന ഭാഗമായി ഈ രോഗികളുടെ വീടുകളിൽ ഇതിന്റെ ഭാരവാഹികൾ തന്നെ ഡയാലിസിസ് കൂപ്പണുകളും കിറ്റുകളും എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.
ഈ പദ്ധതിയുമായി സഹകരിച്ച എല്ലാ റസിഡന്റ്സ് അസോസിയേഷനുകളെയും സാമ്പത്തികമായി സഹായിച്ച വ്യക്തികളെയും നന്ദിയോടെ ഓർക്കുന്നതായും തുടർന്നും എല്ലാ റസിഡന്റ്സ് അസോസിയേഷനുകളും കാരുണ്യ മനസ്കരും ഇക്കാര്യത്തിൽ നിർലോഭം സഹകരിക്കമെന്നും അക്രാക് പ്രസിഡന്റ് അഡ്വ. ജോസ് വി. ചക്യേത്ത് അഭ്യർഥിച്ചു.