പൈപ്പ് പൊട്ടല്‍ : മെട്രോ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നു
1590488
Wednesday, September 10, 2025 4:58 AM IST
കൊച്ചി: കുടിവെള്ള പൈപ്പ് പൊട്ടി മെട്രോ നിര്‍മാണം നിരന്തരം തടസപ്പെടുന്ന പ്രശ്നം പരിഹരിക്കാനായി പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതുവരെ രണ്ടാം ഘട്ട മെട്രോ നിര്‍മാണ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു.
കെഎംആര്‍എല്‍, വാട്ടര്‍ അഥോറിറ്റി, കരാര്‍ കമ്പനി എന്നിവരുടെ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. പ്രശ്നം സൃഷ്ടിക്കുന്ന പടമുകള്‍, വാഴക്കാല പ്രദേശത്തെ നിര്‍മാണമാണ് നിര്‍ത്തിവയ്ക്കുന്നത്.
പത്ത് ദിവസത്തിനുള്ളില്‍ പൈപ്പ് മാറ്റിസ്ഥാപിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കുമെന്ന് വാട്ടര്‍ അഥോറിറ്റി യോഗത്തില്‍ അറിയിച്ചു. മാറ്റി സ്ഥാപിച്ച പൈപ്പ് ലൈനിന്റെ ടെസ്റ്റിംഗിനു ശേഷമാകും മെട്രോയ്ക്കായുള്ള പൈലിംഗ് ജോലികള്‍ പുനരാരംഭിക്കുകയെന്ന് കെഎംആര്‍എല്‍ അറിയിച്ചു.
കെഎംആര്‍എലിന്റെ ആഭിമുഖ്യത്തില്‍ അഞ്ച് കോടി രൂപ മുടക്കി കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ക്ക് പകരം ഡിഐ, പിവിസി പൈപ്പുകള്‍ സ്ഥാപിച്ചുവരികയാണ്. പൈപ്പ് ലൈന്‍ മാറ്റിയിടുന്ന ജോലികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മഴമൂലം നിര്‍ത്തിവച്ചിരുന്ന റോഡ് ടാറിംഗ് ജോലികളും പൂര്‍ത്തീകരിക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.