പാതിവില തട്ടിപ്പ് പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമമെന്ന് മുഹമ്മദ് ഷിയാസ്
1590495
Wednesday, September 10, 2025 4:58 AM IST
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ സിപിഎം-ബിജെപി നേതൃത്വം ശ്രമിക്കുന്നതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന് അടക്കമുള്ളവര്‍ ഉള്‍പ്പെട്ട കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സിപിഎം നേതാക്കള്‍ കടുത്ത സമ്മര്‍ദം ചെലുത്തുകയാണെന്ന് ഷിയാസ് ആരോപിച്ചു.
പ്രത്യേക അന്വേഷണ സംഘം പിരിച്ചു വിട്ടത് സിപിഎം-ബിജെപി ഒത്തുതീര്‍പ്പിന്റെ ഭാഗമാണ്. കേസിലെ പ്രധാന പ്രതിയായ അനന്തുകൃഷ്ണനെ പോലീസ് വഴിവിട്ട് സഹായിക്കുന്നു. പണം നല്കി പോലീസിനെ സ്വാധീനിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ആക്ഷന്‍ കൗസില്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കും. പാതിവില തട്ടിപ്പ് കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.