ജിസിഡിഎയുടെ നവീകരിച്ച പാര്‍ക്കുകള്‍ ഉദ്ഘാടനം ചെയ്തു
1590205
Tuesday, September 9, 2025 4:02 AM IST
കൊച്ചി: സിഎസ്എംഎലിന്റെ സഹകരണത്തോടെ ജിസിഡിഎ നവീകരിച്ച പനമ്പിള്ളി നഗറിലെ ഗോള്‍ഡന്‍ പാര്‍ക്ക്, എംഐജി പാര്‍ക്ക് എന്നിവയുടെ ഉദ്ഘാടനം മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ നിര്‍വഹിച്ചു.
1980ന്റെ തുടക്കത്തില്‍ ജിസിഡിഎ സ്ഥലം ഏറ്റെടുത്തു വികസിപ്പിച്ചെടുത്തതാണ് ഈ പാര്‍ക്കുകള്‍. കാലപ്പഴക്കം മൂലം നാശോന്മുഖമായ അവസ്ഥയിലായിരുന്നു ഇരു പാര്‍ക്കുകളും. പാര്‍ക്കുകളുടെ ഘടനയില്‍ മാറ്റം വരുത്താതെ നടപ്പാത, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഓപ്പണ്‍ ജിംനേഷ്യം, വിനോദ ഉപാധികള്‍ക്കുള്ള സ്ഥലം, ശുചിമുറികള്‍, വിവിധ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ ഒരുക്കിയാണ് നവീകരിച്ചത്.
ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന് പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിവിഷന് കൗണ്‍സിലര്‍ അഞ്ജന, സിഎസ്എംഎല്‍ മാനേജര്‍പി.എം. ക്ലിപ്സണ്‍, റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റുമാരായ ശിവപ്രസാദ്, ജയചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.