വന്യമൃഗശല്യം : സര്‍ക്കാരിന്റെ കബളിപ്പിക്കല്‍ പ്രഖ്യാപനം അവസാനിപ്പിക്കണം: കർഷക കോണ്‍ഗ്രസ്
1590223
Tuesday, September 9, 2025 4:17 AM IST
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വന്യമൃഗശല്യം അവസാനിപ്പിക്കാന്‍ ശാശ്വത നടപടി സ്വീകരിക്കാതെ കോതമംഗലത്തെ ഇടത് എംഎല്‍എയും, പിണറായി സര്‍ക്കാരും വനാതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകരെ കബളിപ്പിക്കുകയാണെന്ന് കര്‍ഷക കോണ്‍ഗ്രസ് കോട്ടപ്പടി മണ്ഡലം നേതൃസംഗമം.
കഴിഞ്ഞ ജനുവരി 25ന് വനം മന്ത്രി എ.കെ. ശശീന്ദ്രന് വടക്കുംഭാഗത്ത് നേരിട്ടെത്തി പ്രഖ്യാപിച്ച മൂന്നു കോടി ഏഴ് ലക്ഷം രൂപയുടെ ഫെന്‍സിംഗ് പദ്ധതി ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കിയിട്ടും തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ മാസം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം വിച്ചാട്ട് വര്‍ഗീസിന്റെ കിണറില്‍ ആന ചാടിയപ്പോള്‍ വന്‍ കര്‍ഷകരോഷം ഉണ്ടായി. ജില്ലയിലെ മന്ത്രിയെ ഉപയോഗിച്ച് എംഎല്‍എ കളക്ടറെ പങ്കെടുപ്പിച്ച് നടത്തിയ ചര്‍ച്ച തീരുമാനങ്ങള്‍ പാഴ് വാക്കും, പ്രഹസനവുമായി മാറുകയാണെന്ന് കർഷക കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
അടിയന്തിരമായി ഹാങ്ങിംഗ് ഫെന്‍സിങ്ങും, ട്രഞ്ചും താഴ്ത്തി വനാതിര്‍ത്തിയിലെ കര്‍ഷകരെ സംരക്ഷിച്ചില്ലെങ്കില്‍ സിസിഎഫ് ഓഫീസ് ഉപരോധം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ സംഘടിപ്പിക്കാന്‍ നേതൃസംഗമം തീരുമാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി. മത്തായി അധ്യക്ഷത വഹിച്ചു.