കുമ്പളങ്ങി-അരൂർ പാലത്തിന്റെ നിർമാണം തുടങ്ങി
1590210
Tuesday, September 9, 2025 4:02 AM IST
അരൂർ: കുന്പളങ്ങിയെയും അരൂരിനെയും ബന്ധിപ്പിക്കുന്ന കുമ്പളങ്ങി-കെൽട്രോൺ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം. 290.6 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലം 36.2 മീറ്റർ നീളത്തിലുള്ള എട്ടു സ്പാനുകളിലാണ് നിർമിക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 43.7 കോടി രൂപയാണ് നിർമ്മാണത്തിനായി സംസ്ഥാന സര്ക്കാര് അനുവദിച്ചത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണച്ചുമതല.
ഇരു കരകളിലും സമീപനപാതകളും നിർമിക്കും. കുമ്പളങ്ങി ഭാഗത്ത് 110 മീറ്ററും അരൂർ ഭാഗത്ത് 140 മീറ്റർ നീളത്തിലുമാണ് റോഡുകളുടെ നിർമാണം നടത്തുകയെന്ന് അരൂർ എംഎൽഎ ദലീമാ ജോജോ അറിയിച്ചു.
കൊച്ചി എംഎൽഎയായ കെ.ജെ. മാക്സി, അരൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി എന്നിവർ സന്നിഹിതരായിരുന്നു.ഒന്നരവർഷംകൊണ്ട് പാലം പൂർത്തിയാക്കപ്പെടുമെന്നാണ് കരുതുന്നത്.