അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസിനായി എംപിമാരും എംഎൽഎമാരും സമരത്തിലേക്ക്
1590196
Tuesday, September 9, 2025 3:42 AM IST
കൊച്ചി: അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ നിലപാടുകൾക്കെതിരേ എംപിമാരും എം എൽഎമാരും സമരത്തിലേക്ക്. നാളെ കാക്കനാട് കളക്ടേറ്റിനു മുന്നിൽ നടക്കുന്ന ധർണ സമരത്തിന് എംപിമാരായ ബെന്നി ബഹനാൻ. ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ കെ ബാബു, റോജി എം. ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, അനൂപ് ജേക്കബ് എന്നിവർ നേതൃത്വം നൽകും. രാവിലെ 10ന് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്യും.
അന്തിമ വിജ്ഞാപനം ഇറങ്ങാത്തതിനാൽ അങ്കമാലി -കുണ്ടന്നൂർ ബൈപ്പാസ് പദ്ധതി അനിശ്ചിതത്വത്തിലാണ്. ഓഗസ്റ്റ് 29-ന് മുൻപായി 3-ഡി വിജ്ഞാപനം ഇറങ്ങേണ്ടതായിരുന്നു. എന്നാൽ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ പിടിപ്പുകേട് മൂലം 3-ഡി വിജ്ഞാപനം പുറപ്പെടുവിക്കാൻ സാധിച്ചില്ല. അതിനാൽ 3-എ വിജ്ഞാപനം അസാധുവായി. ഇനി 3-എ വിജ്ഞാപനം വീണ്ടും ഇറക്കേണ്ടിവരും.
അധികൃതരുടെ അനാസ്ഥമൂലം 18 വില്ലേജുകളിലെ ഭൂവുടമകൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്. കല്ലിടൽ പൂർത്തിയായശേഷം വിജ്ഞാപനം റദ്ദായതോടെ വീടുകൾ പോകുന്ന പല ഭൂവുടമകളും വേറെ സ്ഥലം വാങ്ങാൻ നൽകിയ അഡ്വാൻസ് നഷ്ടമാകും എന്ന ആശങ്കയിലാണ്. അങ്കമാലി കരയാംപറമ്പ് മുതൽ കുണ്ടന്നൂർ വരെ 44.7 കിലോമീറ്ററിലാണ് ബൈപ്പാസ് നിർമിക്കുന്നത്.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടത്തിയ മെല്ലേപ്പോക്ക് സമീപനമാണ് അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് തടസമായതെന്ന് ബെന്നി ബഹനാൻ എംപി പറഞ്ഞു.