പെരിയാർവാലി കനാൽ കൈയേറ്റക്കാരുടെ പിടിയിൽ : സർവേയ്ക്ക് ഒരുങ്ങി ജലസേചന വകുപ്പ്
1590479
Wednesday, September 10, 2025 4:44 AM IST
ആലുവ: കൃഷി ആവശ്യത്തിനായി നിർമിച്ച പെരിയാർവാലി കനാലിൽ കൈയേറ്റം വർധിച്ചതോടെ സർവേയ്ക്ക് ഒരുങ്ങി ജലസേചന വകുപ്പ്. കൈയേറ്റങ്ങൾ കണ്ടെത്തിയതോടെ ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്ന് തോട്ടക്കാട്ടുകര പെരിയാർവാലി ഇറിഗേഷൻ പദ്ധതി അസി. എൻജിനീയർ സർവേ നടപടികൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ആലുവ ഭൂരേഖ തഹസിൽദാർക്ക് രേഖാമൂലം കത്ത് നൽകി.
ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ ആലുവ-മൂന്നാർ റോഡിൽ അണ്ടിക്കമ്പനി മുതൽ തായിക്കാട്ടുകര വരെയുള്ള മേഖലയിലാണ് നിരവധി നിർമാണങ്ങൾ ഉയർന്നിരിക്കുന്നത്. ബ്ലോക്ക് 34, സർവ്വേ നമ്പർ 259 ഭൂമിയിൽപ്പെട്ട പെരിയാർവാലി ഇറിഗേഷൻ കനാൽ ഭാഗമാണിത്. പെരിയാർവാലി ഇറിഗേഷൻ തോട്ടക്കാട്ടുകര സബ് ബ്രാഞ്ച് വിഭാഗത്തിനാണ് ചുമതല.
എസ്എൻ പുരം, മാന്ത്രക്കൽ, സഡക് റോഡ്, ചവർപാടം വഴി കടന്നു പോകുന്ന കനാൽ അരികുകൾ മണ്ണിട്ട് നികത്തിയും കെട്ടിടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. വേനൽക്കാലത്ത് ആവശ്യത്തിന് വെള്ളം ലഭിക്കാതെയായതോടെ പൊതുപ്രവർത്തകൻ കെ.ടി. രാഹുൽ ആണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.
കനാലിന്റെ വീതി കുറച്ച് തീരത്തു കൂടെ റോഡ് നിർമിച്ചെന്നും ചില ഭാഗങ്ങളിൽ റെസിഡന്റ്സ് അസോസിയേഷൻ ഓഫീസുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ നിർമിച്ചെന്നും പരാതിയിൽ പറയുന്നു.