ടെലിവിഷന്‍ അധിക വാറന്റി നിഷേധിച്ചു; 33,500 രൂപ നഷ്ടപരിഹാരം നല്‍കണം
1590493
Wednesday, September 10, 2025 4:58 AM IST
കൊച്ചി: കൂടുതല്‍ പണം നല്കി എടുത്ത എക്സ്റ്റെന്‍ഡഡ് വാറന്റി കാലയളവില്‍ ടെലിവിഷന്‍ സൗജന്യമായി നന്നാക്കി നല്‍കാതിരുന്ന ടെലിവിഷന്‍ കമ്പനിക്കും വിപണന സ്ഥാപനത്തിനുമെതിരെ പിഴശിക്ഷ വിധിച്ച് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.
വൈറ്റില സ്വദേശിനി സുനിത ബിനുകുമാറിന്റെ പരാതിയില്‍ ഫിലിപ്സ് ഇന്ത്യ ലിമിറ്റഡിനും പ്രമുഖ ഗൃഹോപകരണ വിപണന സ്ഥാപനത്തിനെതിരെയുമാണ് നടപടി. സേവനത്തിലെ ഗുരുതരമായ വീഴ്ച വിലയിരുത്തിയ കോടതി ഉപഭോക്താവിന് 33,500 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടു.
2015 ഏപ്രിലിലാണ് പരാതിക്കാരി 27,000 രൂപയ്ക്ക് ഫിലിപ്സ് എല്‍ഇഡി ടിവി വാങ്ങിയത്. നിര്‍മാതാവ് നല്കുന്ന മൂന്ന് വര്‍ഷത്തെ വാറന്റിക്ക് പുറമെ 2,690 രൂപ അധികമായി നല്കി രണ്ട് വര്‍ഷത്തേക്ക് എക്സ്റ്റെന്‍ഡഡ് വാറന്റിയും എടുത്തു. ഇതനുസരിച്ച് ടിവിക്ക് ആകെ അഞ്ച് വര്‍ഷത്തെ പരിരക്ഷ ലഭിക്കേണ്ടതാണ്.
എന്നാല്‍ നിര്‍മാതാവിന്റെ മൂന്ന് വര്‍ഷത്തെ വാറന്റി കാലയളവ് അവസാനിച്ചതിന് തൊട്ടുപിന്നാലെ എക്സ്റ്റെെന്ഡഡ് വാറന്റി കാലയളവ് നിലനില്‍ക്കേ ടിവിക്ക് ശബ്ദസംബന്ധമായ തകരാറുണ്ടായി. തുടര്‍ന്ന് പരാതി നല്കിയപ്പോള് സൗജന്യമായി നന്നാക്കി നല്‍കുന്നതിന് പകരം 2,200 രൂപ ആവശ്യപ്പെടുകയും വാറന്റി കഴിഞ്ഞെന്ന കാരണം പറഞ്ഞ് കൈയൊഴിയുകയുമായിരുന്നെന്നാണ് പരാതി.
ഒന്നാം എതിര്‍കക്ഷിയായ ഗൃഹോപകരണ വിപണന സ്ഥാപനവും രണ്ടാം എതിര്‍കക്ഷിയായ ഫിലിപ്സ് ഇന്ത്യ ലിമിറ്റഡും ടെലിവിഷന്‍ സൗജന്യമായി നന്നാക്കുകയോ അല്ലെങ്കില്‍ ടിവി വിലയുടെ 50 ശതമാനമായ 13,500 രൂപയോ നല്‍കണം.
കൂടാതെ, പരാതിക്കാരിക്ക് നേരിടേണ്ടി വന്ന മാനസിക വിഷമത്തിനും പ്രയാസങ്ങള്‍ക്കും നഷ്ടപരിഹാരമായി 15,000 രൂപയും കോടതിച്ചെലവുകള്‍ക്കായി 5,000 രൂപയും 30 ദിവസത്തിനകം നല്‍കണമെന്നും കോടതി ഉത്തരവ് നല്കി. പരാതിക്കാരിക്ക് വേണ്ടി അഡ്വ. രാജേഷ് വിജയേന്ദ്രന് ഹാജരായി.