വകുപ്പുകളുടെ ഏകോപനമില്ലായ്മ : കൂത്താട്ടുകുളത്ത് ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകൾ
1590466
Wednesday, September 10, 2025 4:29 AM IST
കൂത്താട്ടുകുളം: വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ മൂലം കൂത്താട്ടുകുളത്ത് ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. കൂത്താട്ടുകുളം അമ്പലക്കുളം-ഹൈസ്കൂൾ റോഡിലാണ് ഇന്നലെ രാവിലെ 9.30 മുതൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.
അമ്പലക്കുളത്തിന് സമീപം പ്രദേശത്തെ വോൾട്ടേജ്ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിന്റെ ആദ്യപടിയായി ഹൈടെൻഷൻ വൈദ്യുതി ലൈനുകൾ വലിക്കുന്നതിന് പുതിയ വൈദ്യുതി പോസ്റ്റുകൾ സ്ഥാപിക്കുന്നതിനിടെയാണ് വലിയ ഗതാഗത തടസം രൂപപ്പെട്ടത്.
കൂത്താട്ടുകുളം മംഗലത്ത്താഴം റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അതുവഴിയുള്ള അമ്പലക്കുളം റോഡ് വഴിയാണ് ഇപ്പോൾ തിരിച്ചുവിട്ടത്. നിയന്ത്രണ കാലയളവിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന റോഡിലാണ് മുന്നൊരുക്കങ്ങൾ ഇല്ലാതെ പോസ്റ്റ് സ്ഥാപിക്കുന്നതിനായി ഉദ്യോഗസ്ഥരും കരാറുകാരും എത്തിയത്.
താരതമ്യേന വീതി കുറഞ്ഞ ഹൈസ്കൂൾ റോഡിൽ പോസ്റ്റ് പുനഃസ്ഥാപിക്കുന്നതിനായി ജെസിബി എത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഗതാഗതം നിയന്ത്രിക്കാൻ പോലീസോ ബദൽ സംവിധാനങ്ങളും ഒരുക്കാതെയാണ് പോസ്റ്റുകൾ മാറ്റാൻ ആരംഭിച്ചത്. ആദ്യ പോസ്റ്റ് മാറ്റിയപ്പോൾ തന്നെ റോഡ് പൂർണമായി നിശ്ചലമായി.
പാലക്കുഴ ഭാഗത്തുനിന്ന് വന്ന വാഹനങ്ങളും അമ്പലക്കുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും കൂത്താട്ടുകുളം ടൗണിൽ നിന്നും ഹൈസ്കൂൾ ഭാഗത്തേക്ക് എത്തിയ വാഹനങ്ങളും നടുറോഡിൽ കിടന്നു.
സംഭവം കേട്ടറിഞ്ഞെത്തിയ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിൻസ് പോൾ ജോൺ പ്രശ്നത്തിൽ ഇടപെടുകയും ഗതാഗതം നിയന്ത്രിക്കുന്നതിനായി പോലീസിന്റെ സഹായം തേടുകയുമായിരുന്നു. പോലീസിന്റെ വാഹനം എത്താൻ വൈകിയതോടെ സ്വയം ഗതാഗത നിയന്ത്രണം ഏറ്റെടുക്കുകയും പോസ്റ്റ് പുനഃസ്ഥാപിക്കുന്നതിനായി എത്തിയ ജെസിബി റോഡിൽ നിന്ന് നീക്കുകയും ചെയ്തതോടെ കുരുക്ക് ഒഴിഞ്ഞു.
ഗതാഗതത്തിരക്കുള്ള റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ പോലീസിന്റെ സഹായം തേടേണ്ടതാണ്. എന്നാൽ ഒരറിയിപ്പും പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് സ്ഥലത്ത് എത്തിയ പ്രിൻസിപ്പൽ എസ്ഐ പറഞ്ഞത്.
ഇതിനിടെ കുരുക്ക് രൂക്ഷമായതോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ നിർത്തുകയും ചെയ്തു. തുടർന്നുള്ള പ്രവർത്തനങ്ങൾ കൂത്താട്ടുകളം-പാലാ റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് ശേഷം പുനരാരംഭിക്കുമെന്ന് കെഎസ്ഇബി സബ്എൻജിനീയർ അറിയിച്ചു.
കുരുക്ക് കൃത്രിമമായി സൃഷ്ടിച്ചതെന്ന് വാർഡ് കൗൺസിലർ
കൂത്താട്ടുകുളം: രാവിലെ മുതൽ ഉണ്ടായ ഗതാഗതക്കുരുക്ക് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് വാർഡ് കൗൺസിലർ സുമ വിശ്വംഭരൻ. നിലവിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നതിനായി രാഷ്ട്രീയ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും അതിന്റെ ഫലമായാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് പിൻവാങ്ങിയതെന്നും ഇതിനെല്ലാം പിന്നിൽ കൗൺസിലർ പ്രിൻസ് പോൾ ജോൺ ആണെന്നുമായിരുന്നും ഇവർ കുറ്റപ്പെടുത്തി.
അതേസമയം ജനങ്ങളെ വലച്ച് മണിക്കൂറുകളോളം റോഡിൽ ഉണ്ടായ ഗതാഗതക്കുരുക്ക് വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇല്ലായ്മയാണെന്ന് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിൻസ് പോൾ ജോൺ പറഞ്ഞു.