മരിച്ചവരുടെ പെൻഷൻ കൈപ്പറ്റൽ : ചൂർണിക്കര പഞ്ചായത്തിൽ തുക തിരിച്ചടച്ചു തുടങ്ങി
1589938
Monday, September 8, 2025 4:39 AM IST
ആലുവ: ഗുണഭോക്താവിന്റെ മരണശേഷവും വിവിധ പെൻഷനുകൾ കൈപ്പറ്റിയ ബന്ധുക്കൾ തുക തിരിച്ചടച്ചു തുടങ്ങി. ഓഡിറ്റ് വിഭാഗം കണ്ടെത്തിയ പതിനൊന്ന് പേരിൽ അഞ്ച് പേരുടെ പെൻഷൻ തുക ഇതുവരെ തിരിച്ച് പിടിച്ചതായി ചൂർണിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന അക്കൗണ്ടിലേക്ക് തിരിച്ച് അടയ്ക്കുകയാണ് ബന്ധുക്കൾ ചെയ്യുന്നത്. ഇതു വരെ തിരിച്ചു വരേണ്ട ഒരു ലക്ഷത്തിലധികം രൂപയിൽ അമ്പതിനായിരം രൂപയോളം അക്കൗണ്ടിൽ എത്തിയതായി വിവരാവകാശ പ്രവർത്തകൻ കെ.ടി. രാഹുലിനെയാണ് സെക്രട്ടറി അറിയിച്ചത്.
തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തിയ ഓഡിറ്റിംഗിലാണ് നിരവധി പഞ്ചായത്തുകളിൽ പെൻഷനുകൾ ഗുണഭോക്താക്കൾ മരിച്ചു കഴിഞ്ഞിട്ടും ബാങ്ക് അക്കൗണ്ടുകളിലേക്ക് വർഷങ്ങളായി ട്രാൻസ്ഫർ ചെയ്യുന്നതായി കണ്ടെത്തിയത്. ചൂർണിക്കര പഞ്ചായത്തിൽ 11 പേരാണ് ഇത്തരത്തിൽ തുക കൈപ്പറ്റിയത്.
തെറ്റായി നൽകിയ തുക തിരികെ പിടിക്കാൻ പഞ്ചായത്തുകൾ വിമുഖത കാണിച്ചതാണ് സർക്കാരിന് വൻ ബാധ്യത വരുത്തി വച്ചത്. സംസ്ഥാനത്തെ ഭൂരിഭാഗം പഞ്ചായത്തുകളും നഗരസഭകളും ഇത്തരത്തിൽ ഗുണഭോക്താവ് മരിച്ചു കഴിഞ്ഞിട്ടും പെൻഷൻ നൽകുന്നതായി ഓഡിറ്റ് വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഡെത്ത് സർട്ടിഫിക്കറ്റ് നൽകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഗുണഭോക്താവ് മരിച്ചു കഴിഞ്ഞാൽ വിതരണ പട്ടിക ആ നിമിഷം തന്നെ പുതുക്കാവുന്നതാണ്. എന്നാൽ രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി അതിന് തയാറാകുന്നില്ലെന്നാണ് ആക്ഷേപം. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് പിഴ ഈടാക്കിയാൽ മാത്രമേ ഈ തട്ടിപ്പ് അവസാനിപ്പിക്കാനാകൂയെന്നാണ് വിവരാവകാശ പ്രവർത്തകർ പറയുന്നത്.