യുവാവിനെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമം : അഞ്ചുപേർ അറസ്റ്റിൽ
1590492
Wednesday, September 10, 2025 4:58 AM IST
കോതമംഗലം: കീരംപാറ പുന്നേക്കാട് സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിലായി.
കീരംപാറ കൊമ്പനാട് മേക്കപ്പാല പ്ലാച്ചേരി അജിത്ത് (32), പുന്നേക്കാട് പ്ലാങ്കുടി അമൽ (32), പുന്നേക്കാട് പുത്തൻപുരക്കൽ സഞ്ജയ് (20), പുന്നേക്കാട് പാറക്കൽ അലക്സ് ആന്റണി (28), അശമന്നൂർ പയ്യാൽ കോലക്കാടൻ ജിഷ്ണു (28) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ഓണാഘോഷ പരിപാടിക്കിടെ, സംഘാടകരെ പ്രതികൾ ദേഹോപദ്രവം ഏൽപ്പിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
എട്ടിനു പുലർച്ചെ പന്ത്രണ്ടേകാലോടെ കോതമംഗലം അങ്ങാടിയിലെ ആശുപത്രിക്ക് മുന്നിൽ വച്ചായിരുന്നു മർദനം. അജിത്ത് വിവിധ സ്റ്റേഷനുകളിലായി 13 കേസുകളിൽ പ്രതിയാണ്.
അമൽ സജിയുടെ പേരിൽ മൂന്നു കേസുകളും ജിഷ്ണുവിന്റെ പേരിൽ നാലു കേസുകളും ഉണ്ട്. കോതമംഗലം ഇൻസ്പെക്ടർ പി.ടി. ബിജോയിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.