മൂവാറ്റുപുഴ ഗവ. ടിടിഐ സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം
1590220
Tuesday, September 9, 2025 4:17 AM IST
മൂവാറ്റുപുഴ: ഗവ. ടിടിഐ സ്കൂളില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടി. സ്കൂളിലെ വൈദ്യുത കേബിളുകള്‍ മോഷ്ടിക്കുകയും ചെടിച്ചട്ടികളും, ശുചിമുറിയുടെ പൂട്ടുകളും തകർത്ത നിലയിലുമാണ്. സ്കൂൾ വളപ്പിൽ കൃഷി ചെയ്തിരുന്ന വാഴക്കുലകളും വെട്ടി നശിപ്പിച്ചിട്ടുണ്ട്.
സ്കൂള്‍ കോമ്പൗണ്ടില്‍ തന്നെ പ്രവര്‍ത്തിക്കുന്ന എല്‍പി, യുപി, അങ്കണവാടി, അടുക്കള എന്നിവിടങ്ങളിലേക്കുള്ള വൈദ്യുത കേബിളുകളാണ് സാമൂഹ്യവിരുദ്ധര്‍ മോഷ്ടിച്ചത്. ഇതോടെ ഇവിടേക്കുള്ള വൈദ്യുത വിതരണം നിലച്ചു.
ഓണാവധി കഴിഞ്ഞ് ഇന്നലെ രാവിലെ സ്കൂളിലെത്തിയ ജീവനക്കാരാണ് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം കണ്ടെത്തിയത്. ഫ്യൂസുകള്‍ ഊരി മാറ്റിയ നിലയിലുമാണ്. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.എസ്. ഷിയാസ് മൂവാറ്റുപുഴ പോലീസില്‍ പരാതി നല്കി. നേരത്തേയും ടിടിഐ സ്കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം ഉണ്ടായിട്ടുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.