ഓപ്പറേഷന് ഷൈലോക്ക് : എറണാകുളം റൂറലില്‍ നാലുപേര്‍ കുടുങ്ങി
1590494
Wednesday, September 10, 2025 4:58 AM IST
ആലുവ: കൊള്ളപ്പലിശക്കാര്‍ക്ക് കടിഞ്ഞാണിടാന്‍ ഓപ്പറേഷന് ഷൈലോക്കുമായി പോലീസ്. എറണാകുളം റൂറലില്‍ 40 ഇടങ്ങളിലായി നടത്തിയ പരിശോധനയില്‍ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ആലുവ, നെടുമ്പാശേരി, പറവൂര്‍, കുറുപ്പംപടി എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതിട്ടുള്ളത്. അഞ്ച് സബ് ഡിവിഷനുകളിലെ 34 സ്റ്റേഷനുകളിലായിരുന്നു പരിശോധന.
രാവിലെ ഏഴിന് ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടര്‍ന്നു. നെടുമ്പാശേരിയില്‍നിന്ന് 13 ഇരുചക്രവാഹനങ്ങള്‍, മൂന്ന് ആര്‍സി ബുക്ക്, 3,446,30 രൂപ എന്നിവ പിടികൂടി. സംഭവത്തില്‍ ഡേവിസ് എന്നയാളെ അറസ്റ്റ് ചെയ്തു.
ആലുവയില്‍ ഏഴ് കാറുകള്‍, 15 ആര്‍സി ബുക്ക്, 13 മുദ്രപ്പത്രങ്ങള്‍ തുടങ്ങിയവയും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കുന്നത്തേരി സ്വദേശി ഹമീദിനെ അറസ്റ്റ് ചെയ്തു. കുറുപ്പംപടിയില്‍ 157 ഗ്രാം സ്വര്‍ണവും, 40,150 രൂപയും പിടികൂടി. സംഭവത്തില്‍ രായമംഗലം സ്വദേശി അജയൻ അറസ്റ്റിലായി.
പറവൂരില്‍ നിന്ന് ആധാരം, ബ്ലാങ്ക് മുദ്രപ്പത്രങ്ങള്‍, വാഹന ഉടമ്പടി കരാര്‍, ആര്‍സി ബുക്കുകള്‍ തുടങ്ങിയവ കണ്ടെടുത്തു. ഷുക്കൂര്‍ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പണം പലിശയ്ക്ക് കൊടുത്തതുമായി ബന്ധപ്പെട്ട വാഹനങ്ങളും, രേഖകളും, ഉരുപ്പടികളുമാണ് പിടികൂടിയിട്ടുള്ളത്.