സുരക്ഷാ ക്രമീകരണങ്ങളോടുള്ള അലസത ദുരന്തങ്ങൾക്ക് കാരണമാകുന്നുവെന്ന്
1590471
Wednesday, September 10, 2025 4:29 AM IST
പിറവം: പ്രകൃതി ദുരന്തങ്ങൾ ഉൾപ്പെടെയുള്ള അപകടങ്ങൾക്ക് പ്രധാന കാരണം മനുഷ്യരുടെ സുരക്ഷാ ക്രമീകരണങ്ങളോടുള്ള അലസതയാണെന്ന് പ്രസിദ്ധ പരിസ്ഥിതി ശാസ്ത്രജ്ഞനും, ഐക്യരാഷ്ട്ര സഭയുടെ ദുരന്ത പ്രതിരോധ സംഘത്തലവനുമായ ഡോ. മുരളി തുമ്മാരുക്കുടി അഭിപ്രായപ്പെട്ടു.
ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ സന്നദ്ധം പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പിറവം ക്ലസ്റ്ററിലെ മണീട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളും പ്രഥമശുശ്രൂഷയും എല്ലാ വിദ്യാർഥികളെയും പരിശീലിപ്പിക്കണമെന്നും അതിനായി സന്നദ്ധം എന്ന പ്രവർത്തനം നാഷണൽ സർവീസ് സ്കീം ഏറ്റെടുത്തത് ഏറ്റവും ഉചിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം എൽദോ ടോം പോൾ അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം ജില്ലാ കൺവീനർ ടി.പി. അഭിലാഷ് പദ്ധതി വിശദീകരിച്ചു. പ്രകൃതി ദുരന്തങ്ങൾക്കെതിരെയും പ്രകൃതി സംരക്ഷണത്തിനു വേണ്ടിയും തയാറാക്കിയ നൃത്തശില്പം മണീട് പഞ്ചായത്തഗം മിനി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
മഹാത്മാഗാന്ധി സർവകലാശാല സെനറ്റ് അംഗം പി.ബി. രതീഷ്, പ്രിൻസിപ്പൽ എസ്. സിന്ധു, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സുധീർ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എം.കെ. രഘു എന്നിവർ പ്രസംഗിച്ചു.
ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം പിറവം ക്ലസ്റ്റർ കൺവീനർ ഡോ. ഷാജി വർഗീസ് സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ റിജി പൗലോസ് നന്ദിയും പറഞ്ഞു. തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ ദുരന്ത പ്രതിരോധ പ്രവർത്തന പരിശീലന ക്ലാസും ആരോഗ്യവകുപ്പ് നടത്തിയ പ്രഥമ ശുശ്രൂഷ പരിശീലനവും നടന്നു.