ആഗോള അയ്യപ്പസംഗമത്തിനു പിന്നിൽ കപട അയ്യപ്പസ്നേഹം: യുഡിഎഫ്
1590491
Wednesday, September 10, 2025 4:58 AM IST
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം കപട അയ്യപ്പ സ്നേഹവും രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ളതുമാണെന്ന് യുഡിഎഫ് ജില്ലാ നേതൃയോഗം.
ശബരിമലയുടെ വിശ്വാസ സംരക്ഷണം ഉറപ്പാക്കാതെയും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലം തിരുത്തിയത് പിന്‍വലിക്കാതെയും ഈ സര്‍ക്കാര്‍ നടത്തുന്ന അയ്യപ്പസ്നേഹം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മാത്രമാണ്.
ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ശബരിമലയുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ഏറ്റെടുത്തു നല്കിയ 112 ഏക്കര്‍ ഭൂമിയില്‍ വികസനത്തിന്റെ ചെറുവിരലനക്കാത്തവരാണ് ഇപ്പോള്‍ ആഗോള അയ്യപ്പസംഗമം നടത്തുന്നതെന്ന് നേതൃയോഗം കുറ്റപ്പെടുത്തി.
തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് 3000 കോടി രൂപ വെട്ടിക്കുറച്ച സര്‍ക്കാര്‍ സ്വന്തം ഫണ്ടില്‍നിന്ന് പണം കണ്ടെത്തി വികസന സദസുകള്‍ നടത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതിന് പിന്നിലും തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങളാണുള്ളത്. ജനങ്ങളെ നിരന്തരം വഞ്ചിക്കുന്ന സര്‍ക്കാരിനെതിരെ 13ന് ആലുവയില്‍ ജനസദസ് സംഘടിപ്പിക്കുമെന്ന് യോഗം അറിയിച്ചു.
യുഡിഎഫ് ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന് അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, അഡ്വ. മുഹമ്മദ് ഷാ, ഷിബു തെക്കുംപുറം തുടങ്ങിയവർ പ്രസംഗിച്ചു.