കൂത്താട്ടുകുളം - പാലാ റോഡ് ഒക്ടോബറിൽ തുറന്നു നൽകും
1590221
Tuesday, September 9, 2025 4:17 AM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളം-പാലാ റോഡ് അടുത്തമാസം പൊതുഗതാഗതത്തിനായി തുറന്നു നൽകും. മംഗലത്ത് താഴത്ത് നിർമാണം പുരോഗമിക്കുന്ന കലുങ്കിന്റെ നിർമാണ പ്രവർത്തനങ്ങളും മംഗലത്തുതാഴം മുതൽ രാമപുരം കവല വരെയുള്ള ഭാഗത്തെ റോഡ് അറ്റകുറ്റപ്പണി പൂർത്തീകരിച്ച് ഒക്ടോബറിൽ ഗതാഗത്തിനായി തുറന്നു നൽകുമെന്ന് പിഡബ്ല്യുഡി അധികൃതർ അറിയിച്ചു.
നിലവിൽ മംഗലത്ത് താഴത്ത് നിർമാണം പുരോഗമിക്കുന്ന കലുങ്കിന്റെ ബെഡ് കോൺക്രീറ്റിംഗ് പൂർത്തീകരിച്ചു കഴിഞ്ഞു. സൈഡ് വാൾ വർക്കിന് ശേഷം ശനിയാഴ്ചയോടെ പ്രധാന സ്ലാബിന്റെ കോൺക്രീറ്റിംഗ് പൂർത്തീകരിക്കാൻ കഴിയും. കോൺക്രീറ്റിംഗിനു ശേഷം ക്യൂറിംഗ് കാലാവധിക്ക് പിന്നാലെ പ്രാഥമിക പരിശോധന നടത്തും. ഇതിനുശേഷമാകും ഗതാഗതത്തിന് തുറന്നു നൽകുക.
നിലവിലെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നഗരസഭാ ചെയർപേഴ്സൺ കലാ രാജു, വൈസ് ചെയർമാൻ പി.ജി. സുനിൽകുമാർ, കൗൺസിലർമാരായ ബോബൻ വർഗീസ്, സിബി കൊട്ടാരം, പി.സി. ഭാസ്കരൻ, സി.എ. തങ്കച്ചൻ എന്നിവർ സ്ഥലത്ത് എത്തി.
കലുങ്ക് നിർമാണത്തിന്റെ സമാന്തരമായി റോഡിന്റെ മറ്റു ഭാഗങ്ങളിലെ അറ്റകുറ്റപ്പണികൾ നടക്കും. ആവശ്യമായ സ്ഥലങ്ങളിൽ പഴയ ടാറിംഗ് പൊളിച്ചു നീക്കി ടൈൽ വിരിച്ച് നിലവിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണും.