കിഴക്കമ്പലത്തെ സൗജന്യ ഭക്ഷണശാല പദ്ധതി സിപിഎം അട്ടിമറിക്കുന്നു: ട്വന്റി 20
1590208
Tuesday, September 9, 2025 4:02 AM IST
കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍ധനര്‍ക്കും വഴിയാത്രക്കാര്‍ക്കുമായി കിഴക്കമ്പലം ബസ് സ്റ്റാന്‍ഡില്‍ ആരംഭിക്കുന്ന സൗജന്യ ഭക്ഷണശാല പദ്ധതി സിപിഎം അട്ടിമറിക്കുന്നുവെന്ന് ട്വന്റി 20.
പാവപ്പെട്ടവര്‍ക്കുവേണ്ടി 365 ദിവസവും പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ സൗജന്യ ഭക്ഷണ ശാല ഉൾപ്പെടെ, ബസ് സ്റ്റാൻഡ് അനുബന്ധ കെട്ടിടങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ അവസാനിക്കാനിരിക്കെയാണ് സിപിഎമ്മിന് ഹാലിളകിയതെന്ന് പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി 20 അധികൃതർ പത്രക്കുറിപ്പിൽ ആരോപിച്ചു.
ഈ വികസന പദ്ധതികൾ നടപ്പാക്കരുതെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പോലീസ് നോക്കിനില്‍ക്കേ, ബസ് സ്റ്റാൻഡ് അനുബന്ധ കെട്ടിട നിര്‍മാണം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ തടയുകയും സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തത്.
ബസ് സ്റ്റാൻഡ് നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ സംരക്ഷണം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ, ഇന്നലെ രാവിലെ നിർമാണം തുടങ്ങിയപ്പോൾ തന്നെ സിപിഎം പ്രവർത്തകർ പണി തടസപ്പെടുത്തിയത് പോലീസ് നോക്കിനിൽക്കുക്കയായിരുന്നുവെന്നും നിർമാണ പ്രവർത്തനങ്ങൾ തുടർന്നാൽ പഞ്ചായത്ത് മെമ്പർമാർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് ഭീഷണി മുഴക്കിയതായും പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോടതി അലക്ഷ്യം ഉൾപ്പെടെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.