വ്യത്യസ്ത വാഹന മോഷണ കേസുകളില്‍ രണ്ടുപേര്‍ അറസ്റ്റില്‍
1590202
Tuesday, September 9, 2025 3:42 AM IST
കൊച്ചി: വ്യത്യസ്ത വാഹന മോഷണക്കേസുകളിലായി രണ്ടുപേര്‍ അറസ്റ്റില്‍. പാലാരിവട്ടം വെണ്ണല ഭാഗത്തു നിന്നും ബൈക്ക് മോഷണം നടത്തിയ കേസില്‍ തൃശൂര്‍ മേലാഡൂര് സ്വദേശി ലിന്സനേ(38)യും പാലാരിവട്ടം ന്യൂ കളവത്ത് റോഡില്‍ നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ചതിന് എറണാകുളം ചോറ്റാനിക്കര സ്വദേശി ഷഹീറിനേ(35)യുമാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു രണ്ടു മോഷണങ്ങളും.
ലിന്സണ് ഒരു കാറ്ററിംഗ് സ്ഥാപനത്തില്‍ കുക്കായി ജോലി ചെയ്യുന്നതിനിടെ കൂടെ താമസിച്ച യുവാവിന്റെ ബൈക്ക് മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. കരുനാഗപ്പള്ളിയില്‍ ഒളിവില്‍ കഴിഞ്ഞുവരവേയാണ് ഇയാള്‍ പിടിയിലായത്. എറണാകുളത്ത് പ്രൈവറ്റ് ബസിലെ ജീവനക്കാരനായ ഷെഹീര്‍ പാലാരിവട്ടം ന്യൂ കളവത്ത് റോഡിലുള്ള ഒരു സ്വകാര്യസ്ഥാപനത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നാണ് ഓട്ടോറിക്ഷ മോഷ്ടിച്ചത്.
ഒളിവില്‍ കഴിഞ്ഞിരുന്ന ഷെഹീറിനെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. മോഷണം പോയ ഇരുവാഹനങ്ങളും പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.