പാണിയേലി പോരിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
1590047
Monday, September 8, 2025 10:19 PM IST
പെരുമ്പാവൂർ: പാണിയേലി പോരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം ഒരു കീലോമീറ്റർ ദൂരെ പാറയിൽ തങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തി. നെട്ടൂർ സ്വദേശി പുത്തേപ്പാടം അബ്ദുൾ സലാമിന്റെ മകൻ മുഹമ്മദ് തനൂഫ് (36) ആണ് മരിച്ചത്.
പാണിയേലി പോരിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയ തനൂഫ് പാറയിലൂടെ നടക്കുന്നതിനിടെ കാൽവഴുതി വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ആറോടെയായിരുന്നുഅപകടം.
തുടർന്ന് അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീമും നാട്ടുകാരും രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പുഴയിലെ ഷട്ടർ അടച്ച് ഇന്നലെ രാവിലെ മുതൽ സ്കൂബ ടീമും വഞ്ചിക്കാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ഉച്ചയ്ക്ക് 1.15ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പെരുമ്പാവൂർ ഫയർ സ്റ്റേഷൻ ഓഫീസർ ടി.കെ. സുരേഷിന്റെ നേതൃത്വത്തിൽ സ്കൂബ ടീം അംഗങ്ങളായ കോതമംഗംലം ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർമാരായ സതീഷ് ജോസഫ്, അനിൽകുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.എം. റഷീദ്, സിദ്ധീഖ് ഇസ്മായിൽ, റനീഷ്, വി.എം. ഷാജി, ഡ്രൈവർ ബേസിൽ ഷാജി, പെരുമ്പാവൂർ സ്റ്റേഷനിലെ റെസ്ക്യൂ ജെയ്സ് ജോയ്, ഡ്രൈവർ പി.എസ്. ഉമേഷ്, ഹോംഗാർഡ് എൽദോ ഏലിയാസ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. ഓട്ടോ തൊഴിലാളി ആയിരുന്ന തനൂഫ്. അവിവാഹിതനാണ്. മാതാവ്: ജമീല. സഹോദരങ്ങൾ: റസീന, റഹീന.