ജപ്തി ചെയ്ത വീട് വീണ്ടെടുത്തു നല്കി
1590489
Wednesday, September 10, 2025 4:58 AM IST
വായ്പാ കുടിശിക അടച്ചുതീർത്ത് താക്കോൽ ഉടമയ്ക്ക് കൈമാറി
കോലഞ്ചേരി: പുത്തൻകുരിശ് മലേക്കുരിശിൽ കഴിഞ്ഞയാഴ്ച ജപ്തി ചെയ്യപ്പെട്ട വീടിന്റെ വായ്പാ കുടിശിക, പ്രവാസി മലയാളി അടച്ചുതീർത്ത് താക്കോൽ വീട്ടുകാർക്ക് കൈമാറി. കഴിഞ്ഞ മൂന്നിനാണ് സ്വാതി എന്ന വീട്ടമ്മയെയും ഒരു വയസുള്ള കുട്ടിയെയും മുത്തശിയെയുമടക്കം വീടിനു പുറത്താക്കി സ്വകാര്യ പണമിടപാട് സ്ഥാപനം വീട് ജപ്തി ചെയ്തത്.
വിവരമറിഞ്ഞ് മുൻ എംഎൽഎ വി.പി. സജീന്ദ്രന്റെ ഇടപെടലിനെതുടർന്ന് അമേരിക്കയിലെ ഹൂസ്റ്റനിൽ സ്ഥിര താമസമാക്കിയ ജോസ് തോട്ടുങ്കൽ, ഈ നിർധന കുടുംബത്തിന്റെ ബാധ്യത തീർക്കാൻ മനസ് കാണിക്കുകയും തുക നാട്ടിലുള്ള സഹോരന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയുമായിരുന്നു.
ഓണം കഴിഞ്ഞുള്ള ബാങ്ക് പ്രവർത്തി ദിനത്തിൽ തന്നെ പണമടച്ച് രസീതും വീടിന്റെ താക്കോലും ഓണക്കോടി വാങ്ങാനുള്ള പണവും ജോസ് തോട്ടുങ്കലിന്റെ കുടുംബാംഗമായ ജോയൽ തോട്ടുങ്കൽ ജപ്തിക്കു വിധേയമായ കുടുംബത്തിന് വീട്ടിലെത്തി കൈമാറി.
വി.പി. സജീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് കുമ്മന്നൂർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ.എൻ. രാജൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പീറ്റർ കുപ്ലാശേരി, ചെറിയാൻ മണിച്ചേരി, നിഷ സജി എന്നിവരും എത്തിയിരുന്നു.