വേങ്ങൂർ-എയർപോർട്ട് റോഡിലെ അപകടക്കുഴികൾ കൗൺസിലറുടെ നേതൃത്വത്തിൽ അടച്ചു
1590216
Tuesday, September 9, 2025 4:17 AM IST
അങ്കമാലി :ഗതാഗത തിരക്കേറിയ വേങ്ങൂർ-എയർപ്പോർട്ട് റോഡിൽ അപകട സാധ്യതയേറിയ നായത്തോട് സെന്റ് ജോൺസ് ചാപ്പൽ പരിസരം മുതൽ സ്കൂൾ ജംഗ്ഷൻ വരെയുള്ള ഭാഗത്തെ അപകടക്കുഴികൾ കോൺക്രീറ്റ് ഉപയോഗിച്ച് താത്കാലികമായി അടച്ചു. വാർഡ് കൗൺസിലർ ടി. വൈ. ഏല്യാസിന്റെ നേതൃത്വത്തിലാണ് റോഡ് ഇപ്രകാരം സഞ്ചാരയോഗ്യമാക്കിയത്.
ഇവിടെ രൂപം കൊണ്ടിരുന്ന ആഴമേറിയ കുഴികളിൽ വെള്ളം കെട്ടി കിടന്ന് അപകടം നിത്യ സംഭവമായിരുന്നു. നിരവധി പേരാണ് ഇതിനോടകം ഈ കുഴികളിൽ അകപ്പെട്ടണ്ടായ അപകടങ്ങളിൽ പരിക്കേറ്റ് ചികിത്സ തേടിയത്.
നെടുമ്പാശേരി എയർപോർട്ടിലേക്കുള്ള പ്രധാന റോഡാണിത്. ദിനംതോറും ആയിര കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. റോഡിലെ കുഴികൾ നിമിത്തം നേരിടുന്ന അപകടാവസ്ഥ പൊതുമരാമത്ത് അധികൃതരെ അറിയിച്ചിട്ടും പരിഹാര നടപടികൾ ഉണ്ടായില്ല. ഇതേ തുടർന്നാണ് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ കുഴി അടക്കാൻ പ്രദേശവാസികളായ ഒരു കൂട്ടം യുവാക്കൾ രംഗത്തിറങ്ങിയത്.
രാവിലെ മുതൽ ഉച്ചവരെ സമയമെടുത്താണ് ഈ ശ്രമദാന പ്രവൃത്തി പൂർത്തീകരിച്ചത്. നഗരഭസഭ പ്രതിപക്ഷ നേതാവ് കൂടിയായ ടി.വൈ. ഏല്യാസ് റോഡിലെ കുഴികൾ നികത്തൽ ശ്രമദാന ഉദ്ഘാടനം നിർവഹിച്ചു. ജിജോ ഗർവാസീസ്, വി.കെ. രാജൻ, രാഹുൽ രാഘവൻ, എ.എസ്. അഖിൽ എന്നിവർ നേതൃത്വം നൽകി.