പുനര്‍ജനി റീബില്‍ഡ്: രണ്ട് വീടുകളുടെ താക്കോല്‍ കൈമാറി
1590209
Tuesday, September 9, 2025 4:02 AM IST
കൊച്ചി: ഹെന്‍ട്രി ഓസ്റ്റിന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പുനര്‍ജനി റീബില്‍ഡ് പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തീകരിച്ച വടുതലയിലെ രണ്ട് വീടുകളുടെ താക്കോല്‍ദാനം നടത്തി. പദ്ധതിയില്‍ പൂര്‍ത്തീകരിച്ച 12-ാമത്തേയും 13-ാമത്തെയും വീടുകളാണ് കൈമാറിയത്. വടുതല സ്വദേശികളായ രണ്ട് കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിച്ച് നല്‍കിയത്.
ടി.ജെ. വിനോദ് എംഎല്‍എ, ഡോണ്‍ ബോസ്കോ വടുതലയുടെ റെക്ടര്‍ ഫാ. ഷിബു ഡേവിസ് എന്നിവര്‍ താക്കോല്‍ കൈമാറി. പുനര്‍ജനി റീബില്‍ഡ് കോ-ഓര്‍ഡിനേറ്ററും നഗരസഭ കൗണ്‍സിലറുമായ ഹെന്‍ട്രി ഓസ്റ്റിന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എംഎല്‍എ ലൂഡി ലൂയിസ്, അസറ്റ് ഹോംസ് സിഎസ്ആര്‍ തലവന്‍ സുജേഷ്, പൊതുപ്രവര്‍ത്തകരായ സനല്‍ നെടിയതറ, ജോണ്സണ് ഫെര്‍ണാണ്ടസ്, ടി.ടി. പ്രിന്‍സ് എന്നിവര്‍ പ്രസംഗിച്ചു.
ലൈഫ് പദ്ധതിയില്‍ നിര്‍മാണം ആരംഭിച്ച് പൂര്‍ത്തീകരിക്കാതെ കിടക്കുന്ന വീടുകള്‍ വാസയോഗ്യമാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് പുനര്‍ജനി റീബിള്‍ഡ്. സ്വകാര്യ കമ്പനികളുടെ സാമൂഹ്യ പ്രതിബദ്ധത ഫണ്ട് കണ്ടെത്തിയാണ് നിര്‍മ്മാണ പൂര്‍ത്തീകരണം നടത്തുന്നത്.