കീരംപാറയിലെ വയറിളക്ക രോഗം നിയന്ത്രണവിധേയം: ആരോഗ്യവിഭാഗം
1590467
Wednesday, September 10, 2025 4:29 AM IST
കോതമംഗലം:കീരംപാറ പഞ്ചായത്തിലെ വയറിളക്ക രോഗം നിയന്ത്രണ വിധേയമായതായി സ്ഥലം സന്ദർശിച്ച ജില്ല ആരോഗ്യവിഭാഗം വിലയിരുത്തി. രോഗബാധ ആദ്യമായി പ്രത്യക്ഷപ്പെട്ട കളപ്പാറ,കരിയിലപ്പാറ, ചെങ്കരയും സന്ദർശിച്ച് വിവരങ്ങൾ തേടുകയും വാട്ടർടാങ്കും ജില്ലാ ടീം പരിശോധന നടത്തി. 50ൽപ്പരം ആളുകൾകൾക്കാണ് രോഗം പിടിപ്പെട്ടത്.
ഇതിൽ അധികവും ആറുവയസില്‍ താഴെയുള്ള കുട്ടികളാണ്. ഈ മാസം ഒന്നുമുതലാണു പ്രദേശങ്ങളിൽ രോഗവ്യാപനം ശ്രദ്ധയില്‍പ്പെടുന്നത്. രോഗകാരണം കണ്ടെത്താനായി ആലപ്പുഴ വൈറോളജി ലാബിലും, കക്കാനാട്ടെ ജല പരിശോധന കേന്ദ്രങ്ങളിലേക്കും അയച്ച സാമ്പിളുകളുടെ ഫലം ഇന്ന് ലഭിച്ചേക്കും.
ജില്ല മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.കെ.ആർ. രാജന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. അഡീഷണൽ ഡിഎംഒ കെ.കെ. ആശാ,ഡോ. ഗോപിക പ്രേം,ജില്ലാ എപ്പിഡമോളജിസ്റ്റ് വി.എം വിനു, ജില്ല ടെക്നിക്കൽ അസിസ്റ്റന്റ് ഇൻ ചാർജ് എസ്. ബിജോഷ്, ഡിഎൻഒ ടി.പി. പ്രീതി,
പഞ്ചായത്ത് പ്രസിഡന്റ് എം.പി. ഗോപി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സാബു, വാർഡ് മെമ്പർ വി.കെ. വർഗീസ്, ഡോ. ഏലിയാസ് കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.